പ്രതി അയ്യപ്പൻ റിമാൻഡിൽ
കൊല്ലപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന മനോദൗർബല്യമുള്ള സ്ത്രീ
നാഗർകോവിൽ : നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടി ബോഗിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട അൻപതുകാരി പീഡനത്തിനിരയായിരുന്നുവെന്ന് പോലീസ്. കന്യാകുമാരിയിലെ പൂതപ്പാണ്ടി ചെമ്പകരാമൻ പുതൂർ സ്വദേശി അയ്യപ്പനെ (31) സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. മനോദൗർബല്യമുള്ള സ്ത്രീയെ പ്ളാറ്റ്ഫോമിൽനിന്ന് വലിച്ചിഴച്ച് ബോഗിയിൽ കയറ്റി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മരിച്ച സ്ത്രീയുടെ വിരലിലുണ്ടായിരുന്ന മോതിരത്തിലെ ഹാൾമാർക്ക് പരിശോധിച്ചതിൽനിന്നു അവർ ഗുജറാത്ത് അല്ലെങ്കിൽ രാജസ്ഥാൻ സ്വദേശിയാണെന്ന് സംശയിക്കുന്നു.
അറ്റകുറ്റപ്പണികൾക്കായി യാർഡ് 13-ൽ നിർത്തിയിട്ട തീവണ്ടിയുടെ ബോഗിയിലാണ് കഴിഞ്ഞദിവസം റെയിൽവേ ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഇൻസ്പെക്ടർ കേതറിൻ സുജാതയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ അറസ്റ്റ് ചെയ്തത്. 14-ന് രാവിലെ എട്ടിനാണ് സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞിരുന്ന അൻപതുകാരിയാണ് ആക്രമണത്തിനിരയായത്. പ്രതിയായ അയ്യപ്പനും കുറച്ചുനാളായി റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്നു നാഗർകോവിലിൽ 11-ന് എത്തിയ തീവണ്ടി അറ്റകുറ്റപ്പണികൾക്കായിട്ടാണ് യാർഡിൽ പിടിച്ചിട്ടിരുന്നത്. സ്ത്രീയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തമിഴ്നാട് പോലീസ് ഗുജറാത്ത്, രാജസ്ഥാൻ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
Published: 22 Nov 2026, 01:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented