ആശുപത്രിയിലെ വാർഡുകളിലും അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തിലും ഉപയോഗിക്കാൻ ഓക്‌സിജൻ സിലിൻഡറുകൾ ഉയർന്ന വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്.
നെയ്യാറ്റിൻകര : കോവിഡ് കാലത്ത് കേന്ദ്രസർക്കാർ സഹായത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാതെ തുരുമ്പെടുത്തു തുടങ്ങി. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പ്രത്യേക ബൂസ്റ്റർ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം. അഞ്ചുവർഷം പിന്നിട്ടിട്ടും ഇൗ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ നടപടിയില്ല.
കോവിഡ് വാർഡുകൾക്ക്
2021-ലാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചത്. കോവിഡ് കാലത്ത് സമീപത്തെ ആശുപത്രികളിലും കോവിഡ് ഐസൊലേഷൻ വാർഡുകളിലും ഓക്‌സിജൻ ലഭ്യമാക്കാനാണ് ഒരുകോടി രൂപയിലേറെ ചെലവിട്ട് ഓക്‌സിജൻ പ്ലാന്റ് നിർമിച്ചത്.
തുടക്കത്തിൽ ജനറേറ്ററിന്റെ സഹായത്തോടെ പ്ലാന്റ് പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപയോഗം കൂടിയതോടെ ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് നന്നാക്കി വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും വീണ്ടും ജനറേറ്റർ പ്രവർത്തനരഹിതമായി. ബൂസ്റ്റർ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാലെ പ്രശ്‌നത്തിന് പരിഹാരമാകൂയെന്ന് സ്ഥലത്തെത്തിയ വിദഗ്ധർ നിർദേശം നൽകി. നിലവിൽ ആശുപത്രിവളപ്പിൽ ട്രാൻസ്‌ഫോർമറുണ്ട്. ഇതിനൊപ്പം ബൂസ്റ്റർ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാലെ ഓക്‌സിജൻ പ്ലാന്റ് തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയൂ. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ അധികൃതർ ഇതുവരെ നടപടിയെടുത്തില്ല.
കോവിഡ് കാലത്ത് ജനറേറ്റർ ഉപയോഗിച്ച് ചുരുക്കം ചില ദിവസങ്ങളിൽ പ്ലാന്റ് പ്രവർത്തിപ്പിച്ചതൊഴിച്ച് ഇതുവരെ പ്ലാന്റ് പ്രവർത്തിപ്പിക്കാനായിട്ടില്ല. പ്ലാന്റിലെ പല ഉപകരണങ്ങളും തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്ലാന്റ് സ്ഥാപിച്ചപ്പോൾത്തന്നെ അത്യാഹിത വിഭാഗമുൾപ്പെടെ ഓക്‌സിജൻ എത്തിക്കാനായി പൈപ്പുകളും സ്ഥാപിച്ചിരുന്നു.
Published: 16 Sept 2026, 01:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented