കഠിനംകുളം : ലഹരിയുത്പന്നങ്ങൾ വാങ്ങാൻ പണം നൽകാഞ്ഞതിനു ചെറുമകൻ അമ്മൂമ്മയെ കൊലപ്പെടുത്തി. വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ മത്സ്യത്തൊഴിലാളിയായ മേഴ്‌സി(65)യാണ് കൊല്ലപ്പെട്ടത്.

To advertise here,

മേഴ്‌സിയുടെ മകൾ പരേതയായ ബിന്ദുവിന്റെ മകനായ വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ ഷിബി(24)നെ കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു.

മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ചാന്നാങ്കര താബൂക്ക് കമ്പനിക്കു സമീപമുള്ള വാടകവീട്ടിൽ മേഴ്‌സിക്കും ഭർത്താവ് ഐനീസിനുമൊപ്പമാണ് ഷിബിൻ താമസിച്ചിരുന്നത്.

ലഹരിയുപയോഗമടക്കം ഷിബിനെതിരേ അഞ്ച് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സഹോദരൻ ഷിബു ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ മദ്യപിച്ചെത്തിയ ഷിബിൻ ലഹരിയുത്പന്നങ്ങൾ വാങ്ങുന്നതിനായി മേഴ്‌സിയോടു പണം ആവശ്യപ്പെടുകയും തുടർന്ന് രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇരുവരും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുള്ളതിനാൽ പ്രദേശവാസികൾ തുടക്കത്തിൽ കാര്യമാക്കിയില്ല. തർക്കത്തിനിടെ ഷിബിൻ, മേഴ്‌സിയെ ക്രൂരമായി മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മേഴ്‌സി ബോധരഹിതയായി. ഇതിനുശേഷം ഷിബിൻ സമീപത്തെ കട്ടിലിൽത്തന്നെ കിടന്നുറങ്ങി. ഷിബിൻ രാവിലെ 11-മണിയോടെ ഉണർന്നുനോക്കിയപ്പോഴാണ് മേഴ്‌സിയെ കട്ടിലിനു സമീപം ചലനമറ്റനിലയിൽ കണ്ടത്.

കൈയിൽ കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ, സമീപത്ത് ജോലിചെയ്തിരുന്ന രണ്ടുപേരോട് അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തി.

മേഴ്‌സിയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയായ ഐനീസ് വീട്ടിലില്ലാത്തപ്പോഴാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കഠിനംകുളം പോലീസെത്തി മരണം സ്ഥിരീകരിച്ചു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട ഷിബിനെ ഉച്ചയോടെ ബാറിനു സമീപത്തുവെച്ച് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. നാട്ടുകാരുടെ മർദനമേറ്റ ഷിബിനെ പോലീസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഴ്സിയുടെ തലയ്ക്കു പിന്നിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്തെ സുലൈമാൻ എന്നയാളുടെ മീൻപിടിത്ത ഷെഡ്ഡിലെ ജോലിക്കാരിയും മത്സ്യവില്പനത്തൊഴിലാളിയുമായിരുന്നു കൊല്ലപ്പെട്ട മേഴ്‌സി. മറ്റുമക്കൾ: സുരേഷ്, മിനി മേരി.

കൊലപാതകത്തിൽ ഞെട്ടി തീരദേശം

കഠിനംകുളം : മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ടു ചെറുപ്പക്കാരെ സ്നേഹത്തോടെ ചേർത്തണച്ച കൈകൾക്കാണ് ഒടുവിൽ ലഹരിക്കടിമയായ ആളിന്റെ ക്രൂരതയിൽ ജീവൻ വെടിയേണ്ടിവന്നത്.

65-കാരിയായ മേഴ്‌സിയുടെ ദാരുണാന്ത്യം തീരദേശഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി. മകൾ ബിന്ദുവിന്റെയും ഭർത്താവിന്റെയും മരണശേഷം ഷിബിനെയും ഷിബുവിനെയും ആഹാരവും പണവും നൽകി സംരക്ഷിച്ചിരുന്നത് വയോധികയായ മേഴ്‌സിയായിരുന്നു. ലഹരിക്കടിമകളായതിനാൽ മറ്റു വീടുകളിലൊന്നും കയറ്റാതിരുന്നിട്ടും ഇരുവരെയും ചേർത്തുപിടിക്കാൻ ഈ അമ്മൂമ്മ തയ്യാറായി. പതിവ് വഴക്കാണെന്നു കരുതി പ്രദേശവാസികൾ തുടക്കത്തിൽ ശ്രദ്ധിക്കാതിരുന്ന നിമിഷങ്ങളിലാണ് ഷിബിൻ മേഴ്‌സിയെ കൊലപ്പെടുത്തിയത്. ലഹരിയുപയോഗവും പ്രദേശത്തെ ക്രമസമാധാനപ്രശ്നങ്ങളും കാരണം ഷിബിനും സഹോദരൻ ഷിബുവും മുൻപും കഠിനംകുളം പോലീസിന്റെ പിടിയിലായിട്ടുണ്ട്.

കഞ്ചാവ് ഉപയോഗിച്ചതിനും ക്രമസമാധാനലംഘനം നടത്തിയതിനും ഇരുവരുടെയും പേരിൽ പോലീസിൽ കേസുകളുണ്ട്. ഷിബിന്റെ സഹോദരൻ ഷിബു നിലവിൽ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ലഹരിമരുന്നുവാങ്ങാൻ പണം ലഭിക്കാത്ത ഘട്ടങ്ങളിലെല്ലാം വീട്ടിൽ രൂക്ഷമായ വഴക്കും ആക്രമണവും നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കി. ചാന്നാങ്കര, കഠിനംകുളം കടൽത്തീരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവുൾപ്പെടെയുള്ളവയുടെ ഉപയോഗവും വില്പനയും വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.

സ്കൂൾകുട്ടികളെയും കടൽത്തീരത്തുള്ളവരെയും കേന്ദ്രീകരിച്ചാണ് ലഹരിവില്‌പന പ്രധാനമായും നടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. കഠിനംകുളം പോലീസ് തീരദേശം കേന്ദ്രീകരിച്ചു ലഹരിപരിശോധന കർശനമാക്കണമെന്നും നാട്ടുകാർ പറയുന്നു.