പൂവാർ : കരിച്ചൽ തോട് കടക്കാൻ പൊഴിമുഖത്താരംഭിച്ച പാലത്തിന്റെ നിർമാണം കോൺക്രീറ്റ് തൂണുകളിൽ മാത്രം ഒതുങ്ങി.

To advertise here,

പത്തുവർഷം പിന്നിട്ടിട്ടും പാലം നിർമാണം പൂർത്തിയായില്ല. ആകെ നിർമിച്ച കോൺക്രീറ്റ് തൂണുകളാകട്ടെ നാശത്തിന്റെ വക്കിലും.

തീരദേശമായ പുല്ലുവിളയെയും അടിമലത്തുറയെയും ബന്ധിപ്പിക്കാനാണ് പാലവും റോഡും നിർമിക്കാൻ 2016-ൽ പദ്ധതിയിട്ടത്. ഇതിനായി റോഡ് നിർമാണം തീരദേശ വികസന കോർപ്പറേഷനും പാലം നിർമാണം വിനോദസഞ്ചാര വകുപ്പും ഏറ്റെടുത്തു.

തീരദേശ വികസന കോർപ്പറേഷൻ റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി. എന്നാൽ വിനോദസഞ്ചാരവകുപ്പിന്റെ പാലംപണി എങ്ങുമെത്തിയില്ല. ഇതുകാരണം രണ്ട് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾക്ക് ഒരുപാലം കടക്കേണ്ടിടത്ത് നാല് കിലോമീറ്റർ ചുറ്റേണ്ട സ്ഥിതിയാണ്.

ഇവിടെ ഒരു പാലം വരുന്നതും കാത്തിരിക്കുകയാണ് അടിമലത്തുറയിലെയും പുല്ലുവിളയിലെയും ആയിരക്കണക്കിനാളുകൾ. കരിച്ചൽ തോട് കടലിലേക്കു പതിക്കുന്ന ഇടമാണ് കരിച്ചൽ പൊഴിമുഖം. കരിച്ചൽതോട് കടന്നാലേ റോഡുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവൂ. അടിമലത്തുറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തീരത്തെ കാഴ്ചകൾ കണ്ട് പൂവാറിലെത്താനും ഇവിടെ പാലം അനിവാര്യമാണ്.

ഇത് മുന്നിൽക്കണ്ടാണ് പാലം നിർമിക്കാൻ വിനോദസഞ്ചാരവകുപ്പ് രംഗത്തെത്തിയത്. തുടർന്ന് പാലത്തിനായി കരിച്ചൽ കായലിന്റെ ഇരുവശത്തും കോൺക്രീറ്റ് തൂണുകളുടെ നിർമാണം തുടങ്ങി. ഇതിനിടെ തീരദേശ ഹൈവേ നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായി. അതോടെയാണ് പാലത്തിന്റെ നിർമാണവും നിലച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പാലം നിർമാണം പൂർത്തിയാക്കിയാൽ അടിമലത്തുറയിൽനിന്ന് വേഗത്തിൽ പുല്ലുവിളവഴി പൂവാറിലെത്താനാവും. മത്സ്യത്തൊഴിലാളികൾക്ക് ഇതു ഗുണകരമാണ്. കായലും കടലും ചേരുന്നിടത്ത് ഫിഷ്‌ലാൻഡിങ്‌ കേന്ദ്രമായി ഉയർത്താമെന്ന ആവശ്യം നേരത്തേ ഉയർന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. ഇതിനിടെയാണ് കരിച്ചൽ പൊഴിമുഖത്ത് വിനോദസഞ്ചാര വകുപ്പ് പുതിയ പാലം നിർമിക്കാൻ തുടങ്ങിയത്. അത് നിലച്ചതോടെ നിരാശയിലാണ് ഇവിടുത്തെ നാട്ടുകാർ. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറയും കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയും തീരദേശത്തെ രണ്ട് പ്രധാന മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ്. പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഇരുപ്രദേശങ്ങളെയും ബന്ധിപ്പിച്ചാൽ പ്രദേശത്ത് കൂടുതൽ വികസനവും ജനങ്ങളുടെ യാത്രാസൗകര്യങ്ങളും വർധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.