നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന ആശുപത്രിയുടെ രണ്ട് ആംബുലൻസുകൾ മാസങ്ങളായി കട്ടപ്പുറത്ത്.
ഇനി ഓടിക്കാൻ സാധിക്കാത്തവിധം ഇവ രണ്ടും തുരുമ്പെടുത്ത് നശിക്കുന്നു. വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ കാന്റീനും പൂട്ടുവീണു. കാന്റീൻ നടത്തിയിരുന്ന കരാറുകാരൻ 10,90,000 രൂപ കുടിശ്ശിക വരുത്തിയതോടെയാണ് ആശുപത്രി അധികൃതർ കാന്റീൻ പൂട്ടിയത്.
കാന്റീൻ നടത്തിപ്പിന്റെ വാടക, വാട്ടർ അതോറിറ്റി ബിൽ, വൈദ്യുതി ബിൽ എന്നിവയെല്ലാം കുടിശ്ശിക വരുത്തിയതോടെ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും അടയ്ക്കാതെവന്നതോടെയാണ് കരാറുകാരനെ ഒഴിപ്പിച്ച് പൂട്ടിയത്.
ആശുപത്രിനവീകരണം നടക്കുന്നതിനാൽ നിലവിൽ സൂപ്രണ്ട് ഓഫീസിനോടു ചേർന്നാണ് കാന്റീൻ പ്രവർത്തിച്ചിരുന്നത്.
ആംബുലൻസുകൾക്ക് ദുരിതകാലം
നേരത്തേ ജില്ലാ ആശുപത്രിയിൽ മൂന്ന് ആംബുലൻസുകളാണ് ഓടിയിരുന്നത്. എന്നാൽ, ഇപ്പോഴുള്ളത് ആകെ ഒരെണ്ണംമാത്രം. ജി.ആർ.അനിൽ മന്ത്രിയായിരുന്ന സമയത്ത് ഐ.സി. യൂണിറ്റ് ഉൾപ്പെടെയുള്ള ഒരു ആംബുലൻസ് ആശുപത്രിക്കായി വാങ്ങിനൽകിയിരുന്നു. എന്നാൽ, ഈ ആംബുലൻസ് കുറച്ചുകാലം വി.ഐ.പി. ഡ്യൂട്ടിക്കായി ഓടി. നിലവിൽ ഇത് പൂവത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ഉള്ളത്. ഇവിടെയും ആംബുലൻസ് ഓടുന്നില്ല. ഡ്രൈവർ ഇല്ലാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണം.
ജില്ലാ ആശുപത്രിയിൽ നിലവിൽ രണ്ട് ആംബുലൻസുകൾ ഉണ്ട്. എങ്കിലും ഒരെണ്ണത്തിൽമാത്രമാണ് ഡ്രൈവറുടെ സേവനം ഉള്ളത്. മറ്റ് വാഹനം ഓടാതെ ഒതുക്കിയിട്ടിരിക്കുകയാണ്. വല്ലപ്പോഴും ഡി.എച്ച്.എസിൽ നിന്നും മരുന്ന് കൊണ്ടുവരാൻവേണ്ടിമാത്രമാണ് ഈ ആംബുലൻസ് ഉപയോഗിക്കുന്നത്. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് മെഡിക്കൽ കോളേജിലോ ഇതര ആശുപത്രികളിലോ പോകണമെങ്കിൽ സ്വകാര്യ ആംബുലൻസുകളാണ് ആശ്രയം. വലിയ തുക കൊടുത്താണ് ഇവർ സ്വകാര്യ ആംബുലൻസുകളെ വിളിക്കുന്നത്. കഴിഞ്ഞദിവസം പുലിപ്പാറയിൽനിന്നും അപകടം പറ്റിയ ഒരാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചതിന് സ്വകാര്യ ആംബുലൻസ് 500 രൂപയാണ് ഈടാക്കിയത്. മെഡിക്കൽ കോളേജ് ഓട്ടത്തിനും സമാനമായി കൂടുതൽ തുക ഈടാക്കുന്നു എന്ന് വ്യാപകമായ പരാതിയുണ്ട്.
എന്നാൽ, മിക്കപ്പോഴും ജില്ലാ ആശുപത്രിയിൽനിന്നു പോകുന്ന രോഗികൾ നേരെ മെഡിക്കൽ കോളേജിലേക്ക് അല്ല മറ്റ് ആശുപത്രികളിലും കയറിയാണ് പോകുന്നതെന്നും അതിനാലാണ് കൂടുതൽ തുക വാങ്ങിക്കേണ്ടി വരുന്നതെന്നുമാണ് സ്വകാര്യ ആംബുലൻസ് ഉടമകളുടെ അഭിപ്രായം.
നഗരസഭയിലും രണ്ടെണ്ണം കട്ടപ്പുറത്ത്
നേരത്തേ നഗരസഭയ്ക്ക് രണ്ട് ആംബുലൻസുകൾ ഉണ്ടായിരുന്നു. ഇവയുടെ സേവനവും ജില്ലാ ആശുപത്രിയിലേക്കു വിട്ടുനൽകിയിരുന്നു. എന്നാൽ, ഇവ രണ്ടും ഓട്ടം മതിയാക്കി തുരുമ്പെടുത്തു കുറേക്കാലം നഗരസഭയുടെ പിന്നിൽ കിടക്കുകയായിരുന്നു. ഇത് പത്രവാർത്തകളിലിടംനേടിയപ്പോൾ ഇവിടെനിന്നു മാറ്റി കല്ലമ്പാറയിലെ പൊതുശ്മശാനത്തിനു സമീപത്ത് ആരും കാണാത്തവിധം ഒതുക്കിയിട്ടിരിക്കുകയാണ്. ചുരുക്കത്തിൽ നെടുമങ്ങാട്ട് നാല് ആംബുലൻസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. ഒന്നുകിൽ ഇവ നിയമാനുസൃതമായ നടപടിപ്രകാരം ലേലംചെയ്ത് നൽകാനോ, അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ ചെയ്ത് നിരത്തിലിറക്കാനോ ശ്രമിക്കണം എന്നാണ് രോഗികളുടെ ആവശ്യം.
Published: 08 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented