ചിറയിൻകീഴ് : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന മുതലപ്പൊഴി ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചു.

To advertise here,

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെ 177 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നിർമാണപദ്ധതിയിൽ ഉൾപ്പെടുന്നതാണ് പുലിമുട്ടുനവീകരണം. കനത്ത മഴയും കടലേറ്റവും കാരണമാണ് നിർമാണജോലികൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നത്. കാലവർഷം മാറിയ സാഹചര്യത്തിലാണ് പ്രവൃത്തികൾ വീണ്ടും തുടങ്ങിയത്.

മാർച്ച് മാസത്തോടെ പുലിമുട്ടിന്റെ നിർമാണം പൂർണമായും പൂർത്തിയാക്കാനാണ് നിർമാണ കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 70,000-ത്തോളം ടൺ പാറ മുതലപ്പൊഴിയിൽ എത്തിച്ചിട്ടുണ്ട്.

ഇതുകൂടാതെ ദിവസവും 2,000 മുതൽ 3,000 ടൺ വരെ പാറ എത്തിക്കാൻ ക്രമീകരണം നടത്തിയതായി കരാർ കമ്പനി അറിയിച്ചു.

പുലിമുട്ടിന്റെ 220 മീറ്റർ ഭാഗം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി 205 മീറ്റർ നീളം കൂടിയാണ് പുതുതായി നിർമിക്കേണ്ടത്. പുതിയ നിർമാണം കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ പുണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധ സമിതി മുതലപ്പൊഴി സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പരാതികളും നേരിട്ടു കേട്ടിരുന്നു.

കൂടാതെ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് മിഷൻ ഡയറക്ടർ ഡോ. എം.ബി.രമണമൂർത്തിയും മുതലപ്പൊഴി സന്ദർശിച്ച് നിർമാണത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. പുലിമുട്ട് നിർമാണത്തിന്റെ പകുതിഘട്ടം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളതെന്നും പൂർണമായി നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിൽ മാത്രമേ ഇതിന്റെ യഥാർഥ ഗുണം ലഭിക്കുകയുള്ളൂവെന്നുമാണ് വിദഗ്ധർ പറയുന്നത്.