മാറനല്ലൂർ : ഒരു കോടി മുടക്കി മൈതാനത്തിന്റെ നവീകരണം പൂർത്തിയാക്കിയെങ്കിലും വഴിസൗകര്യം മെച്ചപ്പെട്ടി​െല്ലന്ന് പരാതി.

To advertise here,

മാറനല്ലൂർ പഞ്ചായത്തിലെ കൂവളശ്ശേരി വാർഡിലുൾപ്പെട്ട കൊങ്ങംകോട് മൈതാനമാണ് വഴിസൗകര്യം മെച്ചപ്പെടാതെ നവീകരണം പൂർത്തിയാക്കുന്നത്.

2008-ലാണ് സ്വകാര്യവ്യക്തികൾ കൈയടക്കി വെച്ചിരുന്ന പുറമ്പോക്ക് വസ്തു പഞ്ചായത്ത് കൈവശപ്പെടുത്തിയത്. കുറച്ചുനാൾ വസ്തു കാടുകയറി കിടക്കുകയായിരുന്നു.

കാടുകയറിക്കിടന്ന വസ്തു കളിസ്ഥലമായി പ്രദേശത്തെ യുവാക്കളുടെ സംഘം പ്രയോജനപ്പെടുത്തിത്തുടങ്ങിയതോടെയാണ് മൈതാനമൊരുക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തത്.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഐ.ബി. സതീഷ് എം.എൽ.എ. അനുവദിച്ച 50 ലക്ഷം രൂപയും സ്പോർട്സ് കൗൺസിലിന്റെ 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൈതാനത്തിന്റെ നവീകരണം ആരംഭിച്ചത്.

ഒരു വർഷം മുൻപ് ആരംഭിച്ച് നവീകരണജോലികൾ ഇപ്പോൾ ഏകദേശം പൂർത്തിയായിവരുന്നു.

മൈതാനത്തിനു ചുറ്റും ഇരുമ്പുവലകളും ലൈറ്റും ശൗചാലയവും വസ്ത്രം മാറുന്നതിനുവേണ്ടിയുള്ള മുറിയുമുൾപ്പെടെയുള്ള ജോലികൾ ഇപ്പോൾ പൂർത്തിയായി. മൈതാനത്തിന്റെ തറനിരപ്പാകുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

ഇത് രണ്ടു ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. നവീകരണജോലികൾ പൂർത്തിയാകുമ്പോൾ ഇവിടേക്ക് എത്തുന്ന വഴിസൗകര്യം മാത്രം മെച്ചപ്പെടുത്താനായിട്ടില്ല.

ചെന്നിയോടുനിന്ന് മൈതാനത്തിലേക്കു വരുന്ന റോഡ് ടാർ ചെയ്യാതെയാണ് കിടക്കുന്നത്. ചിലയിടങ്ങളിൽ വലിയ കുഴികളുമായിട്ടുണ്ട്. റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്ന് മൈതാനത്തിലേക്കു പ്രവേശിക്കണമെങ്കിൽ കൈതോടിനു വശത്തെ നടവരമ്പ് മാത്രമാണുള്ളത്.

ഇത് വീതികൂട്ടിയാൽ മാത്രമേ മൈതാനം പ്രയോജനപ്പെടുത്താൻ കഴിയൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തോട് കടന്നുപോകുന്ന ഭാഗത്ത് മൂടിയിട്ടശേഷം വരമ്പ് വീതികൂട്ടി റോഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ, മൈതാനത്തിന്റെ നവീകരണം അന്തിമഘട്ടത്തിലെത്തിയിട്ടും വഴിസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നി​െല്ലന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.