ആറ്റിങ്ങൽ : മാമത്തെ തർക്കഭൂമിയിൽ എതിർകക്ഷികൾ സ്ഥാപിച്ച ബോർഡുകൾ നഗരസഭാധികൃതർ വ്യാഴാഴ്ച നീക്കംചെയ്തു. നഗരസഭാധ്യക്ഷൻ എം.പ്രദീപ്, ആരോഗ്യവിഭാഗം ജീവനക്കാരുമായി നേരിട്ടെത്തി മൈതാനത്തിനുചുറ്റും സ്ഥാപിച്ചിരുന്ന ആറ് ബോർഡുകൾ നീക്കംചെയ്യുകയായിരുന്നു.

To advertise here,

മാമത്ത് കന്നുകാലിച്ചന്ത പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയും സ്വകാര്യവ്യക്തികളും തമ്മിൽ തർക്കം നിലനില്പുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്.

ഭൂമിയിൽ ആറ്റിങ്ങൽ നഗരസഭ കന്നുകാലിച്ചന്തയുടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

മാമത്തെ തർക്കഭൂമിയിൽ കന്നുകാലിച്ചന്ത അല്ലാതെ മറ്റ്‌ യാതൊരുവിധ പ്രവൃത്തികളും നടത്തുന്നതിന് ആറ്റിങ്ങൽ നഗരസഭയ്‌ക്കോ മറ്റു വ്യക്തികൾക്കോ യാതൊരുവിധ അധികാരമോ അവകാശമോ ഇല്ലായെന്ന് കണ്ട് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ഉത്തരവ് ലംഘിച്ച് വസ്തുവകകളിൽ അനധികൃതമായ എന്തെങ്കിലും പ്രവൃത്തികൾ (ഡ്രൈവിങ് പരിശീലനം, അനധികൃത പാർക്കിങ്, മീൻചന്ത, സ്റ്റാളുകൾ) നടത്തുകയാണെങ്കിൽ അവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം എതിർകക്ഷികൾ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടാണ് നഗരസഭാധികൃതർ ബോർഡ് നീക്കംചെയ്തതെന്ന് അധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

കാലങ്ങളായി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ തങ്ങൾക്കനുകൂലമായ വിധി ലഭിച്ചു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് എതിർകക്ഷികൾ ബോർഡുകൾ സ്ഥാപിച്ചത്. മാമത്ത് നടക്കുന്ന സായാഹ്ന ചന്തയുടെയും ഡ്രൈവിങ് പരിശീലനത്തിന്റെയും ബങ്ക് കടകളുടെയും വാടക എതിർകക്ഷികൾക്ക് ലഭിക്കണമെന്ന ആവശ്യം പോലും കോടതി നിരാകരിച്ചിരുന്നു. നഗരസഭ നേരിട്ട് വാടക പിരിച്ചെടുത്ത് കോടതിയെ ബോധ്യപ്പെടുത്തിയശേഷം ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടിൽ പണം സൂക്ഷിക്കാനാണ് കഴിഞ്ഞ 13-ന് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

എം.പ്രദീപ്,ആറ്റിങ്ങൽ നഗരസഭാധ്യക്ഷൻ