ദുബായ് : എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും മികച്ച കായിക, വിനോദ, സാമൂഹിക സൗകര്യങ്ങൾ നൽകുന്നതിനായി അൽ ഖദീർ അൽ തൈർ പാർക്ക് തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

To advertise here,

ദുബായ് പാർക്‌സ് ആൻഡ് ഗ്രീനറി സ്ട്രാറ്റജി 2040, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സാമൂഹിക ഇടപെടലുകൾ ശക്തമാക്കാനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ-ജനറൽ എൻജിനിയർ മർവാൻ അഹമ്മദ് ബിൻ ഖലിദയ്‌ക്കൊപ്പം മുനിസിപ്പാലിറ്റിയിലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും പ്രദേശവാസികളും പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

എല്ലാ പ്രായക്കാർക്കും അനുയോജ്യമായ സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയാണ് പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. 9,600 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വിനോദ പ്രവർത്തനങ്ങൾക്ക് പുറമേ വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി രണ്ടു പ്രത്യേക കളിസ്ഥലങ്ങൾ, ജോഗിങ് ട്രാക്ക്, ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഉപകരണങ്ങൾ എന്നിവയാണ് മറ്റു സവിശേഷതകൾ. സാമൂഹിക പ്രവർത്തനങ്ങൾക്കും പരിപാടികൾക്കുമായി ഒരു ഹാൾ കൂടി ഉടൻ തുറക്കും. ജനകീയ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് വിശാലമായ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റിലെ 35 കമ്യൂണിറ്റി പാർക്കുകളിൽ ആദ്യത്തെ പാർക്കാണിതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. പരമ്പരാഗത വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നതിലുപരി ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഇടങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ശാരീരിക പ്രവർത്തനങ്ങൾക്കും വിനോദത്തിനും സാമൂഹിക ഇടപെടലുകൾക്കും കൂടുതൽ അവസരങ്ങൾ ഇതുവഴി ലഭ്യമാകും. ദുബായ് മുനിസിപ്പാലിറ്റി ആവിഷ്കരിച്ച ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ്മാപ്പ് 2030-നെയും പദ്ധതി പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.