ആര്യങ്കോട് : ചിറ്റാറിന്റെ കരയിടിയുന്നതുകാരണം മൂന്നാറ്റിൻമുക്ക്-ഒറ്റശേഖരമംഗലം റോഡിലൂടെ അപകടയാത്ര.
റോഡിന്റെ ഒരുവശം മൂന്നാറ്റിൻമുക്കിലെ ത്രിവേണിസംഗമത്തിൽ സമാപിക്കുന്ന ചിറ്റാറിന്റെ കരയാണ്.
കാടുകയറിയ ഈ ഭാഗത്ത് മഴയത്ത് കരയിടിയുന്നത് വ്യാപകമാണ്. പലപ്പോഴുള്ള മണ്ണിടിച്ചിൽ റോഡിനോട് അടുത്തുവരുകയാണ്.
രാത്രിയിൽ എതിരേവരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ണൊന്നുചിമ്മിയാൽ ആറ്റിൽ വീഴുമെന്ന നിലയാണ്. കാൽനടക്കാർക്കുപോലും ഇതുവഴി അപകടയാത്രയാകുകയാണ്.
മാസങ്ങൾക്കിടെ ഇവിടെ നിരവധി അപകടങ്ങൾ സംഭവിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആൾത്താമസം കുറവായതിനാൽ രാത്രിയിൽ പലപ്പോഴും അപകടം കഴിഞ്ഞ് മണിക്കൂറുകൾക്കുശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നത്.
കര ഇടിഞ്ഞുതാണ ഭാഗത്ത് വൈദ്യുതി തൂണിട്ട് മറച്ചുവെച്ച നിലയിലാണ്. എങ്കിലും അറിയാതെ എത്തുന്നവർ കുഴികളിൽ അകപ്പെടുന്നുണ്ട്. അടുത്ത മഴയിൽ വൈദ്യുതത്തൂണും ആറ്റിനകത്താകാമെന്ന നിലയിലാണ്.
അപകടമുന്നറിയിപ്പിനായി കമ്പുകൊണ്ടുണ്ടാക്കിയ തൂണിൽ തുണികെട്ടിയ നിലയിലാണ്. അതും ഏതുനിമിഷവും ആറ്റിലേക്കു പതിക്കുമെന്ന് നാട്ടുകാർ പറയുന്നു.
മൂന്നാറ്റിൻമുക്ക് കഴിഞ്ഞ് ആര്യങ്കോട്ടേക്കു നീളുന്ന ഭാഗത്ത് റോഡിന്റെ ഇരുവശവും ഭൂരിഭാഗവും കാടുകയറിയ നിലയിലാണ്.
പുല്ലും പാഴ്‌ച്ചെടികളും വള്ളിപ്പടർപ്പും നിറഞ്ഞുകിടക്കുന്നതിനാൽ ഓടകൾ കാണാൻപോലും കഴിയാത്ത നിലയിലാണ്.
ഓടകളിലൂടെ മഴവെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ റോഡിലൂടെയാണ് ഒഴുകുന്നത്.
ചിറ്റാറിലെ കരയിടിച്ചിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമില്ലെന്ന് പരിസരവാസികൾ പറയുന്നു. കരയിടിയുന്ന ഭാഗത്ത് സുരക്ഷാഭിത്തി നിർമിക്കുമെന്ന അധികൃതരുടെ വാക്കുകൾ ഇതേവരെ നടപ്പായില്ലെന്നും ഇവർ പറയുന്നു.
നടപടി വേണം
ചിലഭാഗത്ത് ആറിന്റെ തീരവും പാതയോരവും കൈയേറുകയാണ്. മാലിന്യങ്ങൾ ആറ്റിലേക്കു വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികൾ ഉണ്ടാകണം. പാതയോരം വൃത്തിയാക്കുന്നതിനും സുരക്ഷാഭിത്തി നിർമിക്കുന്നതിനുമുള്ള നടപടി അധികൃതർ സ്വീകരിക്കണം.
അഖിൽ
ഗ്രാമപ്പഞ്ചായത്തംഗം
ആര്യങ്കോട്
വേണ്ടത് ശാശ്വതപരിഹാരം
:ചിറ്റാറിന്റെ കരയിടിയുന്നത് പതിവാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. കരിയിടിയുന്നതിനാൽ സുരക്ഷാവേലി പ്രായോഗികമല്ല.
സുരക്ഷാഭിത്തിയാണ് നിർമിക്കേണ്ടത്. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയിലൂടെ മാത്രമേ ഇത് സാധ്യമാകൂ. നെയ്യാർ ഇറിഗേഷന്റെ കീഴിലുള്ളതാണ് ഈ ഭാഗം.
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഫണ്ട് അനുവദിച്ചുകിട്ടുന്ന മുറയ്ക്ക് പാതയോരം അപകടരഹിതമാക്കാനുള്ള നടപടികൾ സാധ്യമാക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Published: 21 Nov 2026, 01:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented