കടയ്ക്കാവൂർ : അഞ്ചുതെങ്ങ് കേട്ടുപുരയിൽ സുനാമി പുനരധിവാസ പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നിർമിച്ചുനൽകിയ വീടുകൾ പൊളിഞ്ഞുവീഴുന്നു. നൂറോളം വീടുകളാണ് ഭീഷണി നേരിടുന്നത്. ഭൂരിഭാഗം വീടുകളുടെയും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ ഇളകിവീഴുകയാണ്. കമ്പികൾ മുഴുവൻ പുറത്തുകാണാം. ഇവ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. കട്ടിളയും ജനാലകളും ഭിത്തിയിൽനിന്നു ഇളകിമാറിയനിലയിലാണ്. വീടിനുള്ളിൽ കിടന്നുറങ്ങാൻപോലും കഴിയാത്ത അവസ്ഥ. പാളികൾ ഇളകിവീണ് പലർക്കും പരിക്കേൽക്കുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്.
2007-ൽ അഞ്ചുതെങ്ങിലുണ്ടായ തീപ്പിടിത്തത്തിലും കാലവർഷക്കെടുതിയിലും വീട് നഷ്ടപ്പെട്ട 97 മത്സ്യത്തൊഴിലാളിക്കുടുംബങ്ങളെയാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനു സമീപം കേട്ടുപുരയിൽ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് വീടുകൾ നിർമിച്ചുനൽകിയത്. 2,82,000 രൂപ ചെലവിട്ട് രണ്ടു സെന്റ് ഭൂമിയിൽ 500 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചുനൽകിയത്. താമസം തുടങ്ങി കുറച്ചുനാളുകൾ കഴിഞ്ഞതും വീട്ടിൽ ചോർച്ച തുടങ്ങി. ചുമരുകളിൽ വിള്ളൽ വീണ് ഭിത്തികൾ പൊളിഞ്ഞിളകാനും തുടങ്ങി. വാതിലും ജനലുകളും ഇളകിമാറുന്ന സ്ഥിതിയുമുണ്ടായി.
എല്ലാ കെട്ടിടങ്ങളുടെയും അടിത്തറ ദുർബലമാണെന്നാണ് പരാതി. മേൽക്കൂര തകർന്ന് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ഭിത്തികളെല്ലാം ദുർബലമായി. അപകടാവസ്ഥയിലാണ് മിക്ക വീടുകളും. ശൗചാലയങ്ങൾ പലതും തകർന്ന അവസ്ഥയിലാണ്. സെപ്റ്റിക് ടാങ്കുകളുടെ ആശാസ്ത്രീയ നിർമാണം കാരണം മലിനജലം ചുറ്റും ഒഴുകുകയാണ്.
വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി നിരവധി അപേക്ഷകൾ നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 30 കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ 19 കുടുംബങ്ങൾക്ക് മാത്രമാണ് 50000 രൂപ വീതം ലഭിച്ചത്.
പണി തീരുന്നമുറയ്ക്ക് ബാക്കിയുള്ള തുക ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ പണി തീർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി നൽകാമെന്നുപറഞ്ഞ തുക ലഭിച്ചില്ലെന്ന് കുടുംബങ്ങൾ പറയുന്നു. കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതുകൊണ്ടാണ് ബാക്കിയുള്ള തുക അനുവദിക്കാത്തതെന്നാണ് അധികാരികൾ പറയുന്നത്.
അവസാന ഗഡു നൽകണം
വീട് പുനരുദ്ധാരണത്തിനായി ഒന്നാംഘട്ട തുക നൽകിയ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി രണ്ടാംഘട്ട തുക അനുവദിക്കണം. വീട് തകർച്ചാഭീഷണി നേരിടുന്ന മറ്റു കുടുംബങ്ങൾക്ക് എത്രയുംവേഗം സഹായധനം നൽകണം. അനുകൂലമായ നടപടിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകും
എസ്.പ്രവീൺചന്ദ്ര,
സി.പി.എം.
ലോക്കൽ സെക്രട്ടറി,
അഞ്ചുതെങ്ങ്
Published: 21 Nov 2026, 01:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented