പ്ലാറ്റിനം ജൂബിലി കൺവെൻഷൻ തുടങ്ങി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി കൺവെൻഷനിൽ അവതരിപ്പിക്കുന്ന ടി.എം.സി-വിഷൻ 2030-ന്റെ അടിസ്ഥാനത്തിൽ സർക്കാർ വികസന പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി സി.പി. ജോൺ. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ ടി.എം.സി. വിഷൻ-2030 സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസന സെമിനാറിൽ ഡോക്ടർമാർ അവതരിപ്പിച്ച നിർദേശങ്ങൾ വികസനരേഖയാക്കി സർക്കാരിന് നൽകണം. നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സർക്കാർ ഏറ്റെടുക്കും. അർബുദചികിത്സയ്ക്കുള്ള ആധുനിക പ്രോട്ടോൺ ചികിത്സാകേന്ദ്രം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആരംഭിക്കണം. മെഡിക്കൽ കോളേജിനെ പലയിടങ്ങളിലായി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വി. മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ വിശിഷ്ടാതിഥികളായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അലംനൈ അസോസിയേഷൻ മുൻ പ്രസിഡന്റും കിംസ് ഹെൽത്ത് ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള മുഖ്യപ്രഭാഷണം നടത്തി. അലംനൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി. ജോൺ പണിക്കർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, പ്ലാനിങ് ബോർഡ് അംഗം ഡോ. എസ്.എസ്. ലാൽ, ഡോ. കെ. ദിനേശ്, ഡോ. കവിത രവി, രഘുചന്ദ്രൻ നായർ എന്നിവരും പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അപ്പോളോ ഹോസ്പിറ്റൽസ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസർ ജോൺ ചാണ്ടി, അമേരിക്കയിലെ ലൂയിസ് സ്റ്റോക്സ് ക്ലീവ്ലൻഡ് വി.എ. മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബ് ഒസ്മാൻ, ഡോ. കെ. രാജശേഖരൻ നായർ, ഡോ. കൃഷ്ണ ആർ. പ്രസാദ് എന്നിവർ പ്രഭാഷണം നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ 22 വരെയാണ് കൺവെൻഷൻ.
Published: 21 Nov 2026, 01:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented