പൊന്മുടി റോഡ് നിർമാണത്തിൽ ക്രമക്കേടെന്നു പരാതി
എട്ടുവർഷമായി നിർമാണം ഇഴയുന്നു
നെടുമങ്ങാട് : 300 കോടി രൂപയിലേറെ ചെലവിടുന്ന പഴകുറ്റി- പൊന്മുടി റോഡിന്റെ നിർമാണത്തിൽ വലിയ ക്രമക്കേടെന്ന് പരാതി.
എട്ടുവർഷമായി തുടരുന്ന റോഡ് നിർമാണം ഇപ്പോഴും ഇഴയുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ ബാങ്കിന്റെ ധനസഹായത്തോടെ പഴകുറ്റി മുതൽ പൊന്മുടിവരെയാണ് നിർമാണം നടക്കുന്നത്. 167.695 കോടി ചെലവിട്ട് തുടങ്ങിയ റോഡിന്റെ നിർമാണം മൂന്നുവട്ടം ഫണ്ട് പുതുക്കിയപ്പോൾ 300 കോടിയിലധികമായി. പക്ഷേ നിർമാണം എങ്ങുമെത്തിയിട്ടില്ലെന്നു മാത്രം.
ഇതിനിടെ ഹെയർപിൻ 12-ൽ റോഡ് രണ്ടുവട്ടമാണ് ഇടിഞ്ഞു താണത്. കോടികൾ ചെലവിട്ടാണ് വീണ്ടും കെട്ടിപ്പൊക്കിയത്. ഇതേത്തുടർന്ന് മൂന്നുമാസം വരെ പൊന്മുടിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചിരുന്നു.
രണ്ടുമാസം മുമ്പ് ഇടിഞ്ഞ കമ്പനിമൂട് ഭാഗത്തെ റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ റോഡിന് തീരെ വീതി കുറവാണ്. സഞ്ചാരികളുടെ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകളും വളരെ പ്രയാസപ്പെട്ടാണ് ഇവിടം കടന്നുപോകുന്നത്.
നല്ലൊരു മഴ പെയ്താൽ റോഡ് വീണ്ടും ഇടിഞ്ഞുതാഴാനുള്ള സാധ്യതയുമുണ്ട്. ഇത് വലിയ അപകടത്തിന് ഇടയാക്കും. വനമേഖലയിൽ പെയ്യുന്ന കനത്തമഴയാണ് റോഡ് ഇടിയാൻ കാരണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതരും അതല്ല റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിയാൻ കാരണമെന്ന് നാട്ടുകാരും പറയുന്നു. ഗതാഗതം നിർത്തിവച്ചാൽ പൊന്മുടിയിലെ 250-ലധികം വരുന്ന തൊഴിലാളി കുടുംബങ്ങളും, പോലീസ് സ്റ്റേഷൻ, കെ.ടി.ഡി.സി, ഗവ.യു.പി.സ്‌കൂൾ, കേരള പോലീസിന്റെ വയർലസ് സെറ്റ് കേന്ദ്രം എന്നിവയെല്ലാം ഒറ്റപ്പെടും.
ബാരിക്കേഡുകൾ പോലുമില്ല
കമ്പനിമൂട്ടിലെ മണ്ണിടിഞ്ഞ ഭാഗത്ത് റോഡിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ വാഹനങ്ങൾ കടന്നുപോകു. ഇത് അവധി ദിവസങ്ങളിൽ പൊന്മുടി സന്ദർശിക്കാനെത്തുന്നവർക്ക് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.
മഴയിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് ഉറപ്പുള്ള സംരക്ഷണഭിത്തി നിർമിക്കാൻ കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയെങ്കിലും ഇതുവരേയും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.
പരിശോധനകൾ തകൃതി... പക്ഷേ!
:കോടികൾ ചെലവിട്ടു നിർമിക്കുന്ന പഴകുറ്റി-പൊന്മുടി റോഡ് നിർമാണത്തിലെ അപാകങ്ങൾ കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. പൊന്മുടി റോഡിലെ തൊളിക്കോട് ജങ്ഷനിൽ നിർമാണത്തിലെ അപാകം കാരണം വലിയ വെ ള്ളക്കെട്ടുണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണിത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ സ്ഥലപരിശോധനയ്ക്കായി ചുമതലപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. പരിശോധനകൾ നടന്നെങ്കിലും റോഡിന്റെ തകർച്ച പരിഹരിക്കപ്പെട്ടില്ലെന്നു മാത്രം.
Published: 04 Oct 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented