പരിസ്ഥിതിനാശമുണ്ടാകുമെന്ന് ആശങ്ക
അന്വേഷണത്തിന് സമിതി രൂപവത്കരിച്ച് പഞ്ചായത്ത്
റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ സജീവം
ആറ്റിങ്ങൽ : മുദാക്കൽ ഗ്രാമപ്പഞ്ചായത്തിലെ കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുന്നു. ചെറുതും വലുതുമായ കുന്നുകൾ ഇടിച്ച് നിരപ്പാക്കുകയാണ്. യന്ത്രങ്ങളുപയോഗിച്ച് ഇടിച്ചെടുക്കുന്ന മണ്ണ് ടിപ്പർ ലോറികളിലാണ് കടത്തിക്കൊണ്ടുപോകുന്നത്. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തിലാണ് കുന്നിടിക്കൽ നടക്കുന്നത്.
അനുമതി വീടിന് മാത്രം
വീടുവെയ്ക്കാനുള്ള ഭൂമി നിരപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൻമേൽ പരിശോധന നടത്തി ചിലർക്ക് ഭൂമി നിരപ്പാക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വൻതോതിൽ മണ്ണെടുത്തുമാറ്റുന്നതാണ് പിന്നീട് കണ്ടത്. മൂന്നോ നാലോ സെന്റ് ഭൂമിയുള്ളവർക്ക് വീടുവെയ്ക്കാൻ ഭൂമി നിരപ്പാക്കാൻ വേണ്ടിയാണ് അനുമതി നൽകിയതെന്ന് പഞ്ചായത്തധികൃതർ പറയുന്നു.
മാഫിയകൾ സജീവം
പഞ്ചായത്ത് പ്രദേശത്ത് റിയൽ എസ്റ്റേറ്റ് മാഫിയയും മണ്ണ് മാഫിയയും സജീവമാണ്. കുന്നുകളിലെ റബ്ബർ തോട്ടങ്ങളിലാണ് ഇവരുടെ കണ്ണ്. റബ്ബർ തോട്ടങ്ങൾക്ക് മോഹവില വാഗ്ദാനം ചെയ്ത് വാങ്ങും. മുഴുവൻ തുക മൂന്നോ നാലോ ഘട്ടമായി നൽകാമെന്ന് ഭൂവുടമയുമായി സംഘം കരാറുണ്ടാക്കും. തുടർന്ന് ഭൂമിയിലുള്ള റബ്ബർമരങ്ങൾ സംഘം മുറിച്ച് വിൽക്കും. അതുകഴിഞ്ഞ് മണ്ണ് വിൽപന നടത്തും.
അതിന് ദേശീയപാത നിർമാണം, വിഴിഞ്ഞം തുറമുഖ നിർമാണം എന്നിവയുടെ മറപിടിക്കും. കുന്നിടിച്ചുകഴിഞ്ഞാൽ നിരപ്പായ ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് റോഡും നിർമിക്കും. തുടർന്ന് ഓരോ പ്ലോട്ടിലായി വീട് നിർമിക്കും. ഇവ വിൽക്കുന്നതനുസരിച്ച് ഭൂവുടമയ്ക്ക് ബാക്കി തുക കൊടുക്കും. കോടികളുടെ നേട്ടമാണ് സംഘം ഇതുവഴിയുണ്ടാക്കുന്നത്. വില്ല പദ്ധതികളുമായി വൻകിട സംഘങ്ങൾ പഞ്ചായത്തിലെ പലയിടത്തും ഭൂമി വാങ്ങിയതായും സൂചനയുണ്ട്.
അനുമതി മരവിപ്പിച്ചു
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിക്കൽ വ്യാപകമായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 30-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം അന്വേഷിക്കാൻ തീരുമാനിച്ചു. വീടുവെയ്ക്കാൻ ഭൂമി നിരപ്പാക്കാൻ നൽകിയ അനുമതികൾ താത്കാലികമായി മരവിപ്പിച്ചു. എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികളായ പഞ്ചായത്തംഗങ്ങളെ ഉൾപ്പെടുത്തിയാണ് അന്വേഷണസമിതി രൂപവത്കരിച്ചത്. കുന്നിടിച്ച പ്രദേശങ്ങൾ സന്ദർശിച്ച് സംഘം തെളിവ് ശേഖരിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും.
വി.ഷൈനി
മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
Published: 03 Oct 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented