മാറനല്ലൂർ : റോഡ് നവീകരിച്ചെങ്കിലും പാതയോരത്തോട് ചേർന്ന് നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റാത്തത്‌ കാരണം അപകടം കൂടുന്നു.

To advertise here,

മാറനല്ലൂർ-അണപ്പാട് റോഡിലാണ് പാതയോരത്തോട് ചേർന്ന് വൈദ്യുതത്തൂണുകളുള്ളത്. റോഡിന്റെ വളവുള്ള പ്രദേശത്ത് തൂൺ നിൽക്കുന്നത് കാരണം രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽൽപ്പെടുന്നതിൽ ഭൂരിഭാഗവും.

കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തോളം പേർക്ക് അപകടങ്ങളും രണ്ടു മരണങ്ങളും ഉണ്ടായി. നവീകരിച്ച റോഡിൽ അടുത്തിടെയാണ് വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പൂർത്തിയാക്കിയത്. നവീകരണത്തിനുമുൻപ് നാട്ടുകാർ തൂണുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

റോഡ് നവീകരണം പൂർത്തിയായതോടെ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

വീതി കുറഞ്ഞ റോഡിൽ കൈയേറ്റങ്ങൾ പലതും ഒഴിവാക്കാതെയാണ് നവീകരണജോലികൾ പൂർത്തിയാക്കിയത്.

ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും റോഡ് ടാർ ചെയ്ത് നവീകരിക്കുക മാത്രമാണുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.