ആറ്റിങ്ങൽ : ബി.ടി.എസ്.റോഡിൽ ടാർചെയ്തിരിക്കുന്ന ഭാഗമെല്ലാം കുഴികളാണ്. റോഡ് തകർന്നിട്ട് മാസങ്ങളായി. കുഴിനികത്താനോ റോഡ് റീടാർ ചെയ്യാനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

To advertise here,

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടറോഡാണിത്. ദേശീയപാതയിൽ കച്ചേരിജങ്ഷനിൽ നിന്നാരംഭിച്ച് ടൗൺ യു.പി.എസ്.ജങ്ഷനിൽ പാലസ് റോഡുമായി ചേരും. കഷ്ടിച്ച് 350 മീറ്ററാണ് ദൈർഘ്യം.

റോഡിന്റെ പകുതിയോളം ഭാഗം ഇന്റർലോക്ക് ചെയ്തിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗമാണ് ഇപ്പോൾ തകർന്ന് കുഴികളും വെള്ളക്കെട്ടുമായിട്ടുള്ളത്.

ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കച്ചേരി ജങ്ഷനിൽ നിന്നും ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം ഈ വഴിയാണ് കടന്നുപോകുന്നത്. റോഡിന് വശങ്ങളിലായി ഡയറ്റ് യു.പി.സ്‌കൂൾ, ടൗൺ യു.പി.സ്‌കൂൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. രണ്ടിടത്തുമായി രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.

ടൗൺ യു.പി.സ്‌കൂളിന്റെ ഗേറ്റിനുമുന്നിൽ റോഡാകെ പൊളിഞ്ഞ് കുഴികളായി കിടപ്പാണ്. ഇവിടെ റോഡ് മുറിച്ചുകടക്കാൻ കുട്ടികൾ വളരെ പ്രയാസം നേരിടുന്നുണ്ട്. റോഡ് നന്നാക്കാൻ അടിയന്തര നടപടിവേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.