അപകടം ആഴിമല ശിവക്ഷേത്രത്തിനുസമീപം

To advertise here,

വിഴിഞ്ഞം : പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലേക്കുള്ള റോഡിൽ ബ്രേക്ക് പൊട്ടി നിയന്ത്രണംവിട്ട മിനിലോറി മൂന്ന് ഓട്ടോറിക്ഷ ഇടിച്ചുതകർത്തു. ഓട്ടോറിക്ഷകളിലൊന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും തകർന്നു. ഓട്ടോകളിലുണ്ടായിരുന്ന ആറ് ഭക്തർക്ക് പരിക്കേറ്റു.

ലോറി മതിലിൽ ഇടിച്ചുനിർത്തി ഡ്രൈവർ അശോകൻ ചാടിരക്ഷപ്പെട്ടു. പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളടക്കമുള്ള ആറുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഭക്തർ അപകടത്തിൽപ്പെടുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ക്ഷേത്രവളപ്പിലെ നിർമാണവുമായി ബന്ധപ്പെട്ട് എം.സാൻഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തിലായത്. വലിയ ഇറക്കത്തിലൂടെ വരുമ്പോൾ പെട്ടെന്ന് ബ്രേക്ക് നഷ്ടമായി ലോറി നിയന്ത്രണംവിട്ട് താഴേക്ക് വേഗത്തിലെത്തുകയായിരുന്നു. ഹോൺമുഴക്കിയും ബഹളംവെച്ചും ഡ്രൈവർ ലോറി മുന്നോട്ടുകൊണ്ടുപോയെങ്കിലും മുൻപിലുണ്ടായിരുന്ന ആഴിമല സ്വദേശി അനുവിന്റെ ഓട്ടോറിക്ഷ ഇടിച്ചുതകർത്തു. ഓട്ടോയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ മൂന്നുപേർക്ക് കാലുകളിലെയും കൈകളിലെയും എല്ലുകളൊടിഞ്ഞ് പരിക്കേറ്റു. നാട്ടുകാരും ഭക്തരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.

തുടർന്ന് ലോറി ആഴിമല സ്വദേശി അനിയുടെ ഓട്ടോറിക്ഷയിലിടിച്ചു. പിൻഭാഗം പൂർമായും തകർന്ന ഓട്ടോയിലുണ്ടായിരുന്ന മൂന്നുയാത്രക്കാർക്കും സാരമായി പരിക്കേറ്റു. ഇവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് മുന്നോട്ടുപോയ ലോറി മണക്കാട് ഭാഗത്തുനിന്നെത്തിയ ജയചന്ദ്രന്റെ ഓട്ടോറിക്ഷയിലും ഇടിച്ചു. ഡ്രൈവർ അശോകൻ സമീപത്തെ മതിലിൽ ലോറി ഇടിച്ചുനിർത്തിയാണ് തുടർ അപകടമൊഴിവാക്കിയത്. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും വാഹനങ്ങളിലുമായി ആശുപത്രികളിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.