തിരുവനന്തപുരം : കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പ്രതികളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുര്യാത്തി വടക്കേക്കോട്ട കോളനി സ്വദേശിയായ ഷൈജുവിനാണ് (52) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അയൽവാസികളും ബന്ധുക്കളുമായ അഭി (23), സുനിൽകുമാർ (48) എന്നിവരാണ് പിടിയിലായത്.

To advertise here,

കഞ്ചാവ് ഉപയോഗിച്ചതിനെ ഷൈജു ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതിനിടെ അഭി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷൈജുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സുനിൽകുമാർ ഇരുമ്പുവടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഫോർട്ട് പോലീസ് സ്ഥലത്തെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിനുപിന്നാലെ ഒളിവിൽപ്പോയ പ്രതികളെ ഫോർട്ട് സി.ഐ. ആർ.എസ്. ശ്രീകാന്തിന്റെയും എസ്.ഐ. ജഗമോഹന്റെയും നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പുവടിയും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.