നിർമാണം പൂർത്തിയായിട്ട് ആറുമാസം
നെയ്യാറ്റിൻകര : കഴിഞ്ഞ സർക്കാരിന്റെകാലത്ത് നിർമാണം പൂർത്തീകരിച്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പേ വാർഡ് രോഗികൾക്കായി തുറന്നുകൊടുക്കുന്നില്ല. നിർമാണം പൂർത്തീകരിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും പേ വാർഡിനായി അധിക ജീവനക്കാരെ നിയമിക്കാത്തതും ലിഫ്റ്റ് നിർമിക്കാത്തതുമാണ് പേ വാർഡ് തുറക്കാതിരിക്കാൻ കാരണം.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് എം.എൽ.എ.യായിരുന്ന കെ.ആൻസലന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ചാണ് പേ വാർഡ് മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
നിലവിൽ ഫാർമസി ഗോഡൗണായി പ്രവർത്തിച്ച കെട്ടിടത്തോടൊപ്പംചേർന്നാണ് പുതിയ പേ വാർഡ് മന്ദിരം നിർമിച്ചത്.
പേ വാർഡ് മന്ദിരത്തിന്റെ പുറകുവശത്തെ ഒരുഭാഗം പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.
റെയിൽവേ പാതയിരട്ടിപ്പിക്കലും പുതിയ ചരക്ക് തീവണ്ടി യാർഡ് നിർമിക്കാനുമായി സ്ഥലമേറ്റെടുത്തപ്പോൾ നിർമാണത്തിലിരുന്ന പേ വാർഡിന് പുറകിൽ തള്ളിനിന്ന ഭാഗം പൊളിച്ചുനീക്കേണ്ടിവന്നു.
പൊളിച്ചുനീക്കിയ ഭാഗത്താണ് ലിഫ്റ്റ് നിർമിക്കാനായി കണ്ടിരുന്നത്. ഇത് പൊളിച്ചതോടെ ലിഫ്റ്റ് നിർമിക്കാൻ സ്ഥലമില്ലാതായി. ഇതിനിടെ തിരഞ്ഞെടുപ്പിനു മുൻപായി കെട്ടിടനിർമാണം പൂർത്തീകരിക്കുകയും ചെയ്തു.
ലിഫ്റ്റും ജീവനക്കാരും വേണം
ലിഫ്റ്റ് ഇല്ലാതെ മൂന്നുനിലകളുള്ള പേ വാർഡ് മന്ദിരം തുറക്കാൻ കഴിയില്ല. സർക്കാർ മാറിവന്നെങ്കിലും ഇതുവരെ ലിഫ്റ്റ് നിർമിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ലിഫ്റ്റ് ഇല്ലാത്തതിനാൽ താഴത്തെനിലയിൽ മാത്രമാണ് പേ വാർഡ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നിർമിക്കാതെ രണ്ടും മൂന്നും നിലകളിലുള്ള 24 പേ വാർഡ് മുറികൾ രോഗികൾക്കു തുറന്നുകൊടുക്കാൻ കഴിയുന്നില്ല.പേ വാർഡ് പ്രവർത്തിപ്പിക്കാനായി കൂടുതൽ ജീവനക്കാരെയും നിയമിക്കണം. നഴ്‌സിങ്, അസിസ്റ്റന്റ്, ശുചീകരണ വിഭാഗങ്ങളിലായാണ് ജീവനക്കാരെ നിയമിക്കേണ്ടത്. അതിനായുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ജനറൽ ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിനു മാത്രമാണ് പേ വാർഡ് ഉള്ളത്. 36 മുറികളാണ് ഈ പേ വാർഡിൽ ഉള്ളത്.ജില്ലയിൽ എസ്.എ.ടി., തൈക്കാട് ആശുപത്രികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും പേ വാർഡിലേക്കു മാറ്റണമെങ്കിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേ വാർഡിൽ മുറി ഒഴിവുണ്ടാകണം. നിലവിലെ പുതിയ പേ വാർഡ് തുറന്നുപ്രവർത്തിച്ചാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിയും. എന്നാൽ, ലിഫ്റ്റ് നിർമിക്കാനും ജീവനക്കാരെ നിയമിക്കാനും നടപടി എടുക്കാത്തതു കാരണം കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേ വാർഡിലെ ഒഴിവ് കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികൾ.
Published: 12 Sept 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented