നെയ്യാറ്റിൻകര : രബീന്ദ്രനാഥ ടാഗോറിന്റെ ആശയമുൾക്കൊണ്ടാണ് നെയ്യാറ്റിൻകരയിൽ വി.വേലപ്പൻനായർ വിശ്വഭാരതി എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. വിശ്വഭാരതിയുടെ സാരഥിയായ വേലപ്പൻനായർ വിടവാങ്ങുമ്പോൾ ആറു പതിറ്റാണ്ടിലേറെക്കാലം നീണ്ട പൊതുജീവിതത്തിനു കൂടിയാണ് അവസാനമാകുന്നത്.
1963-ൽ ചമ്പയിൽ റോഡിൽ ആരംഭിച്ച വിശ്വഭാരതി ഹിന്ദി വിദ്യാലയമാണ് വിശ്വഭാരതി സ്ഥാപനങ്ങളുടെ തുടക്കം. ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ വേലപ്പൻനായർ ഹിന്ദി വിദ്യാലയത്തിന് പുറമെ സമാന്തര വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങി.
ജില്ലയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായി വിശ്വഭാരതി കോളേജ് വളർന്നു. ഇതിനൊപ്പം ഐ.ടി.സി.യും ആരംഭിച്ചു. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിജയമാണ് 2004-ൽ വിശ്വഭാരതി പബ്ലിക് സ്‌കൂൾ ആരംഭിക്കാൻ പ്രചോദനമായത്. ജില്ലയിലെ പ്രമുഖ പബ്ലിക് സ്‌കൂളായി വിശ്വഭാരതിയെ മാറ്റിയത് വേലപ്പൻനായരുടെ ദീർഘവീക്ഷണമാണ്.
അധ്യാപനരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ടതിനെ തുടർന്ന് വേലപ്പൻനായർക്ക് ആദരവും ലഭിച്ചു. നഗരസഭ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സംഘടനകളും വേലപ്പൻനായരെ ആദരിച്ചു. ഭാര്യ ശാരദാംബാളിന്റെ സ്മാരകമായി കൃഷ്ണപുരം എൻ.എസ്.എസ്. കരയോഗത്തിനായി മന്ദിരം നിർമിച്ച് നൽകിയിരുന്നു. മണൽ മാഫിയകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓലത്താന്നി ഡാളി അമ്മൂമ്മയ്ക്ക് വീട് നിർമിച്ച് നൽകുകയും ചെയ്തിരുന്നു. നാട്ടിലെ സാമൂഹിക, സേവന പ്രവർത്തനങ്ങളിലും വേലപ്പൻനായർ പങ്കാളിയായിരുന്നു.
വേലപ്പൻനായരുടെ മൃതദേഹം കൃഷ്ണപുരത്തെ സംഗീത് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടിൽനിന്നു വിലാപയാത്രയായി വിശ്വഭാരതി പബ്ലിക് സ്‌കൂളിലെത്തിക്കും. തുടർന്ന് പൊതുദർശനം. 11-ന് ഭൗതികശരീരം കോടതി റോഡ് വഴി വിലാപയാത്രയായി വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12.30-ന് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. തുടർന്ന് വിശ്വഭാരതി റോഡിൽ വേലപ്പൻനായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് അനുശോചന സമ്മേളനം നടക്കും.
Published: 13 Sept 2026, 01:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented