കാട്ടാക്കട : തിരുവനന്തപുരം റോഡിലെ പ്രധാന ജങ്ഷനായ കിള്ളിയിൽ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നടപ്പാത കൈയേറിയുള്ള വാഹന പാർക്കിങ്ങും പൊന്നറ, തൂങ്ങാംപാറ റോഡുകളിലെ പാർക്കിങ്ങും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ആശുപത്രിയിലെത്തുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നടപ്പാതയും റോഡും കൈയേറിയാണ് കൊണ്ടിടുന്നത്.

To advertise here,

അനധികൃത പാർക്കിങ് കാരണം കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ ആശുപത്രിയിൽനിന്ന് കാട്ടാക്കട ഭാഗത്തേക്ക്‌ തിരിഞ്ഞു പോകേണ്ട വാഹന യാത്രക്കാരും മുന്നിലെ റോഡ് കാണാതെ ബുദ്ധിമുട്ടുന്നു.

തൂങ്ങാംപാറ-പൊന്നറ ഭാഗങ്ങളിലേക്ക്‌ പോകുന്ന റോഡുകളിലെ അനധികൃത പാർക്കിങ് കൂടെയാകുമ്പോൾ ഇവിടം അപകടക്കെണിയായി മാറിയിട്ടുണ്ട്. കഷ്ടിച്ച് രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയുള്ള റോഡുകളാണിവ.

ഇരുവശവും തോന്നിയപോലെ വാഹനങ്ങൾ കൈയടക്കുമ്പോൾ ഗതാഗതക്കുരുക്കും പതിവായി. നടപ്പാത ഉൾപ്പെടെ റോഡ് ആധുനികരീതിയിൽ അടുത്തിടെയാണ് നവീകരിച്ചത്. ആശുപത്രിക്ക് മുന്നിൽ പ്രധാന റോഡിലേക്ക് നാല് ഇടറോഡുകൾ എത്തുന്നു. ഇവിടെയെല്ലാം വാഹനങ്ങൾ കൈയടക്കുന്നതോടെ പ്രധാന റോഡ് അപകടകേന്ദ്രമായി മാറിയതായി പ്രദേശത്തുകാർ പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ പത്തിലേറെ അപകടങ്ങൾ ഇവിടെയുണ്ടായി. ഇവിടത്തെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ പഞ്ചായത്തും പോലീസും ഇടപെടണമെന്നും ആവശ്യപ്പെട്ടു.