ഫോണിൽ വീഡിയോകൾ ശേഖരിച്ചുവെച്ചതായി കണ്ടെത്തി

To advertise here,

ബെംഗളൂരു : ബലാത്സംഗക്കേസിൽ തടവുശിക്ഷയനുഭവിക്കുന്ന മുൻ ജെ.ഡി.എസ്. ലോക്‌സഭാംഗം പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിലും കുടുക്കായി അശ്ലീല വീഡിയോകൾ. ജയിലിൽ പ്രജ്വലിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോണിൽ ഒട്ടേറെ അശ്ലീലവീഡിയോകൾ സൂക്ഷിച്ചുവെച്ചിരുന്നതായി കണ്ടെത്തി.

ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണിനൊപ്പം പിടികൂടിയ പെൻഡ്രൈവിൽ സിനിമകളും വെബ് സീരീസുകളും സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് ബലാത്സംഗക്കേസിൽപ്പെട്ടത്. ദൃശ്യങ്ങളിലുണ്ടായിരുന്ന അതിജീവിതകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നാല് ബലാത്സംഗക്കേസുകളാണ് പ്രജ്വലിന്റെ പേരിൽ രജിസ്റ്റർചെയ്തത്.

കഴിഞ്ഞമാസം 11-ന് പരപ്പന അഗ്രഹാര ജയിലിൽ പ്രജ്വൽ തടവിൽക്കഴിയുന്ന ബാരക്കിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ആൻഡ്രോയ്ഡ് മൊബൈൽഫോൺ പിടികൂടിയത്. ഇതിന്റെ ഫൊറൻസിക് പരിശോധനാഫലം ഇപ്പോഴാണ് പുറത്തുവരുന്നത്. ജയിലിൽ വി.ഐ.പി. പരിഗണനയിൽ സാധാരണ വസ്ത്രംധരിച്ച് ഫോണിൽ സംസാരിച്ചുനിൽക്കുന്ന പ്രജ്വലിന്റെ ദൃശ്യമുള്ള ഒരു വീഡിയോ പ്രചരിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

അതേസമയം, വീഡിയോകളെപ്പറ്റി തനിക്കറിയില്ലെന്നാണ് പ്രജ്വലിന്റെ വിശദീകരണം. പിടിച്ചെടുത്തത് തന്റെ ഫോണല്ലെന്നും മറ്റു തടവുകാരും ഉപയോഗിക്കുന്നതാണെന്നും പറഞ്ഞു. മൊബൈൽ പിടികൂടിയ കേസിൽ വിചാരണത്തടവുകാരനായ പ്രതാപ് റായിയെയും പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്നരലക്ഷംരൂപ നൽകിയാണ് പ്രജ്വൽ ജയിലിൽ ഫോൺ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഫോണിൽനിന്ന്‌ പ്രജ്വൽ വിളിച്ചവരെയൊക്കെ അന്വേഷണോദ്യോഗസ്ഥർ ചോദ്യംചെയ്യാനൊരുങ്ങുകയാണ്. ഫോൺനമ്പരുകളടങ്ങിയ ഒരു നോട്ട് ബുക്കും പിടിച്ചെടുത്തതിലുണ്ട്. സംഭവത്തിൽ ഒരു ജയിൽ ജീവനക്കാരനുൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണ് പ്രജ്വലിന് ബെംഗളൂരു കോടതി തടവുശിക്ഷ വിധിച്ചത്. അന്നുമുതൽ പരപ്പന ജയിലിലാണ്.