ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

To advertise here,

വിളവൂർക്കൽ : കുഞ്ഞ് ഇവാനയെ കഴുത്തറുത്ത് കൊന്ന കേസിൽ ആശുപത്രിയിൽ കഴിയുന്ന അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മെഡിക്കൽകോളേജിൽ പരിശോധനയ്ക്കുശേഷം വിളവൂർക്കൽ പൊറ്റയിൽ ഗവ. ആശുപത്രിക്ക്‌ സമീപം പുലവന്നിയൂർക്കോണം വീട്ടിലെത്തിച്ച ഇവാനയുടെ മൃതദേഹം വീടിനുള്ളിൽ അടക്കി. നോവുണർത്തിയ കാഴ്ചകളായിരുന്നു അവിടെയുണ്ടായത്. തകർന്ന മനസ്സുമായി ഇവാനയുടെ അച്ഛൻ അഭിജിത്ത് മെഡിക്കൽകോളേജിൽനിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. ആർത്തുവിളിച്ചു കരയുന്ന വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ആൾക്കൂട്ടം അടക്കശുശ്രൂഷയിൽ പങ്കെടുത്തു. ക്രിസ്റ്റിയുടെ ബന്ധുക്കളാരും ചടങ്ങുകൾക്കെത്തിയില്ല.

വ്യാഴാഴ്ച വൈകീട്ടാണ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ക്രിസ്റ്റി ആപ്പിൾ മുറിക്കുന്ന കത്തികൊണ്ട് കഴുത്തറുത്ത് കൊന്നത്. കുഞ്ഞിന്റെ കൊലപാതകത്തിലേക്ക്‌ നയിക്കാവുന്ന കുടുംബപ്രശ്‌നങ്ങൾ വീട്ടിലുണ്ടായിരുന്നോയെന്ന് വെള്ളിയാഴ്ച സംഭവസ്ഥലത്ത് പരിശോധന നടത്തിയ കാട്ടാക്കട ഡിവൈ.എസ്.പി. ജി. ബിനു അന്വേഷിച്ചിരുന്നു. കുഞ്ഞിന്റെ അപ്പൂപ്പൻ കുഞ്ഞുമോനോട് അദ്ദേഹം വിവരങ്ങൾ തിരക്കി.

ഇതരസമുദായക്കാരായ അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും നാലാം വിവാഹവാർഷികമായിരുന്നു വ്യാഴാഴ്ച. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം പാളയം പള്ളിയിലായിരുന്നു നടന്നത്.

നാല് സെന്റിനുള്ളിൽ നാല് മുറികളുള്ള വീട്ടിൽ അഭിജിത്തിന്റെ അച്ഛൻ കുഞ്ഞുമോനും ഭാര്യ ഗേളിയും അവരുടെ അമ്മ നേശമ്മയും അവരുടെ സഹോദരി ജസീലയുമാണ് താമസം. അഭിജിത്ത് സ്വകാര്യ ഫാർമസി കമ്പനി ജീവനക്കാരനാണ്. കുഞ്ഞുമോൻ കോൺക്രീറ്റ്‌ പണിക്ക്‌ പോകുന്നു. ഗേളി വീടുകളിൽ ജോലിക്കു പോകും. നേശമ്മയും ജസീലയുമാണ് വീട്ടിലുള്ളത്. സംഭവദിവസം ഉച്ചയ്ക്ക് കുഞ്ഞുമോൻ ആഹാരം കഴിക്കാൻ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിച്ച് കുഞ്ഞിനെയും കളിപ്പിച്ചശേഷമാണ് താൻ പുറത്തുപോയതെന്നും പിന്നീടെന്ത് സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് കുഞ്ഞുമോൻ പറയുന്നത്. കഴിഞ്ഞ ഓണത്തിന് ക്രിസ്റ്റി കുന്നുകുഴിയിലെ അവരുടെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ പോകണമെന്ന് ക്രിസ്റ്റി ആവശ്യപ്പെട്ടെങ്കിലും അതു സാധിച്ചില്ല.