ചിറയിൻകീഴ് : നിർമാണത്തിലിരിക്കുന്ന ദേശീയപാത-66ലെ കോരാണി ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി മാറുന്നു.

To advertise here,

ചിറയിൻകീഴ്-കോരാണി റോഡായ പ്രേംനസീർ റോഡിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലെത്താൻ ഇവിടം കടന്നേ കഴിയൂ. എന്നാൽ എപ്പോൾ നോക്കിയാലും വാഹനങ്ങളുടെ നീണ്ടനിര കാരണമുള്ള ഗതാഗതക്കുരുക്കാണിവിടെ.

ദേശീയപാതാ നിർമാണം പൂർണമാകാത്തതിനാൽ തിരുവനന്തപുരം ഭാഗത്തുനിന്നള്ള എല്ലാ വാഹനങ്ങളും ആറ്റിങ്ങൽ, കൊല്ലം ഭാഗത്തേക്ക്‌ സഞ്ചരിക്കണമെങ്കിൽ സർവീസ് റോഡിലൂടെ മാത്രമെ പോകാനാകൂ. കോരാണി ജങ്ഷനിലെ സ്വതേ വീതികുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ സർവീസ് റോഡിലൂടെ അനിയന്ത്രിതമായ വാഹനങ്ങളുടെ ഒഴുക്കാണുള്ളത്.

രാവിലെയും വൈകീട്ടുമുള്ള പീക്ക് സമയങ്ങളിൽ മണിക്കൂറുകളോളമാണ് ഇവിടെ വാഹനങ്ങൾ കുരുങ്ങുന്നത്. ഈ വാഹനക്കുരുക്കിനെ മറികടന്നുവേണം ചിറയിൻകീഴ് റോഡിൽ നിന്നുള്ളവരും തിരിച്ചുമുള്ള യാത്രക്കാർക്ക് ദേശീയപാതയിലേക്കും ദേശീയപാതയിൽ നിന്നും ചിറയിൻകീഴ് റോഡിലേക്കും പ്രവേശിക്കാൻ. ആറ്റിങ്ങലിലേക്ക്‌ സഞ്ചരിക്കേണ്ടവരുടെ ബസ് കാത്തിരിപ്പ് മേഖലയും ജങ്ഷനിൽത്തന്നെ. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു.

ഇങ്ങനെ എല്ലാദിക്കിലും നിന്നുമുള്ള വാഹനങ്ങൾ ഒരേസമയം വരുമ്പോൾ വാഹനങ്ങൾ എങ്ങോട്ടും ചലിക്കാനാകാത്ത അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. റോഡിന്റെ വീതിക്കുറവാണ് പ്രധാന കാരണം. പോരാത്തതിന് ജങ്ഷനിൽ തന്നെയുള്ള അനധികൃത പാർക്കിങ്ങും. ചിറയിൻകീഴിലേക്ക്‌ പോകേണ്ട സ്വകാര്യ ബസുകൾ എതിർദിശയിലൂടെ സർവീസ് റോഡിൽ പ്രവേശിച്ച് ചിറയിൻകീഴ് റോഡിലേക്ക്‌ കടക്കുന്നതും കൂടിയാകുന്നതോടെ ഗതാഗതക്കുരുക്ക് പൂർണമാകുന്നു.

കോരാണിയിലെ അടിപ്പാതയ്ക്ക് ഉയരക്കുറവുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞദിവസത്തെ മഴയിൽ അടിപ്പാതയിലുടനീളം വെള്ളംകെട്ടി നിന്ന് വലിയകുഴികൾ രൂപപ്പെട്ടിരുന്നു. ഈ ദിവസം മണിക്കൂറുകളാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്. ഓഫീസ്, സ്‌കൂളുകൾ, മറ്റ് തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വാഹനങ്ങൾ മണിക്കൂറുകളാണ് ഇവിടെ കാത്തുകിടക്കേണ്ടി വരുന്നത്. ദേശീയപാതയുടെ നിർമാണം സ്തംഭിച്ചതോടെ എത്രകാലം ഈ ദുരിതം തുടരേണ്ടിവരുമെന്ന കാര്യത്തിലാണ് നാട്ടുകാർക്ക് ആശങ്ക.

ഈ ഭാഗത്ത് സുഗമമായ ഗതാഗതമൊരുക്കാൻ ദേശീയപാതാ അതോറിട്ടിയോ കരാർ കമ്പനിയോ യാതൊന്നും ചെയ്യുന്നുമില്ല. മഴക്കാലമാകുമ്പോൾ ദുരിതം ഇരട്ടിയിലധികമാകുകയും ചെയ്യും. ഗതാഗത പ്രശ്‌നങ്ങൾ കാരണമുള്ള അപകടസാധ്യതയും ഏറെയാണ്. നൂറുകണക്കിന് സ്‌കൂൾബസുകളാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ പോലും ദേശീയപാത കരാർ കമ്പനി ശ്രമിക്കുന്നില്ല. വിദ്യാർഥികളുടെ ഉൾപ്പെടെ സുരക്ഷിതത്വത്തിൽ ഭീഷണിയാകുകയാണ് ചിറയിൻകീഴ്-കോരാണി റോഡും ഇവിടത്തെ അടിപ്പാതയും.

റോഡിന് വീതി കൂട്ടണം

കോരാണി അടിപ്പാതയ്ക്കുസമീപമുള്ള സർവീസ് റോഡിന്റേയും കോരാണി-ചിറയിൻകീഴ് പാതയുടേയും വീതി കൂട്ടി നടപ്പാത ഉൾപ്പെടെ നിർമിച്ച് ഗതാഗതം സുഗമമാക്കണം. അനധികൃത പാർക്കിങ്ങ് തടഞ്ഞ് ബസ് ബേ ഉൾപ്പെടെ നിർമിച്ച് റോഡ് അപകടരഹിതമാക്കണം.

സജീവ് കോരാണി

പ്രദേശവാസി