പാറശ്ശാല : കടുത്ത വേനലിലും കാരോടിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹമകറ്റിയിരുന്ന വെൺകുളം ഇന്ന് കാടുകയറിയ നിലയിൽ. 'നവീകരണം' എന്നപേരിൽ കുളംകോരി നശിപ്പിച്ചതിനുശേഷം മൂന്ന് പഞ്ചായത്ത് ഭരണസമിതികളും രണ്ട് എം.എൽ.എ.മാരും മാറിമാറി വന്നിട്ടും കുളത്തിന്റെ ശാപമോക്ഷം തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങുന്നു. രണ്ട് പഞ്ചായത്തുകളിലെ കർഷകരുടെ പ്രധാന ആശ്രയമായിരുന്ന ഈ പൗരാണിക ജലാശയമാണ് അധികൃതരുടെ അനാസ്ഥയിൽ വെറും മൈതാനമായി മാറിയിരിക്കുന്നത്.

To advertise here,

തലമുറകൾക്കുമുൻപ് പൂർവികർ വെട്ടിത്തെളിച്ച വെൺകുളം കാരോടിന്റെ ജീവനാഡിയായിരുന്നു. കാരോടിനുപുറമേ അയൽ പഞ്ചായത്തായ കുളത്തൂരിലെ കൃഷിയിടങ്ങളിലേക്കും വേനൽക്കാലത്ത് ജലമെത്തിച്ചിരുന്നത് ഇവിടെനിന്നാണ്. വർഷങ്ങൾക്കുമുൻപ് ചെളി കോരിമാറ്റി കടവുകൾ ബലപ്പെടുത്താനായി പഞ്ചായത്ത് തുടങ്ങിയ പദ്ധതിയാണ് കുളത്തിന്റെ അന്തകനായത്.ചെളിനീക്കുന്നതിന്റെ മറവിൽ അമിതമായ അളവിൽ മണ്ണ് മാന്തി വിറ്റെന്ന ആരോപണം ഉയർന്നതോടെ വിജിലൻസ് അന്വേഷണവും പ്രതിഷേധങ്ങളും ആരംഭിച്ചു. അതോടെ നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചു. പിന്നീട് കാരോട് പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ ആയുധമായി വെൺകുളം മാറി.

കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പഞ്ചായത്ത് ഭരണം അട്ടിമറിച്ച് ഇടതുപക്ഷം അധികാരത്തിലേറിയത് വെൺകുളം അഴിമതി മുൻനിർത്തിയായിരുന്നു. എന്നാൽ, ഭരണം കിട്ടിയതിനുശേഷവും കുളത്തിനു ശാപമോക്ഷമുണ്ടായില്ല.തുടർന്നിങ്ങോട്ടുവന്ന ഓരോ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളും പ്രധാന പ്രചാരണായുധമാക്കിയത് വെൺകുളം നവീകരണമാണ്. ഇതിനിടെ മൂന്നുതവണ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ശിലാസ്ഥാപന നാടകങ്ങൾ അരങ്ങേറുകയും ചെയ്തു.

പിന്നീട് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോഴും, തുടർന്ന് കോൺഗ്രസ് വിമതർ ഇടതുപിന്തുണയോടെ ഭരിച്ചപ്പോഴും വാഗ്ദാനങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ഓടിയെത്തി ഉദ്ഘാടന മാമാങ്കം നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് മടങ്ങുകയാണ് പതിവ്.നീന്തൽപരിശീലനകേന്ദ്രം, പ്രഭാതസവാരിക്കാർക്കായി കുളത്തിനുചുറ്റും നടപ്പാതകൾ, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിഗ്ഘോ‌ഷിച്ച് ഉദ്ഘാടനംചെയ്ത പദ്ധതികളെല്ലാം കടലാസിലൊതുങ്ങി.

കഴിഞ്ഞ പതിനൊന്നു വർഷത്തിനിടയിൽ ഇവിടെ ആകെയുണ്ടായ 'വികസനം' ഒരു സുരക്ഷാഭിത്തിയും ഷട്ടറും സ്ഥാപിച്ചതിൽമാത്രമായി ഒതുങ്ങുന്നു.നെയ്യാർ ഇടതുകര കനാൽവഴി എത്തുന്ന വെള്ളം സംഭരിച്ചിരുന്നതിനാൽ കൊടുംവേനലിലും വെൺകുളം വറ്റാറില്ലായിരുന്നു.

മറ്റു പ്രദേശങ്ങൾ വരൾച്ചയിലാഴുമ്പോൾ പൊഴിയൂരിൽനിന്നുപോലും ജനങ്ങൾ കുളിക്കാനും തുണി കഴുകാനും ഇവിടെ എത്തിയിരുന്നു.

കാരോട്ടെയും കുളത്തൂരിലെയും കർഷകർ വേനൽക്കാല പച്ചക്കറിക്കൃഷി നടത്തിയിരുന്നതും ഇതിലെ വെള്ളംകൊണ്ടാണ്.

കുളത്തിൽ സമൃദ്ധമായി വെള്ളമുണ്ടായിരുന്നപ്പോൾ സമീപത്തെ കിണറുകളിലെല്ലാം വേനലിലും സുലഭമായി ജലം ലഭിച്ചിരുന്നു.ഇന്ന് കുളത്തിലേക്ക് എത്തുന്ന വെള്ളം കെട്ടിക്കിടക്കാതെ പാഴായി പുറത്തേക്ക് ഒഴുകിപ്പോകുകയാണ്.

മഴ മാറി അല്പം കഴിയുമ്പോഴേക്കും സമീപത്തെ കിണറുകളെല്ലാം വറ്റിവരളുന്ന സ്ഥിതിയാണ്. കൃഷിയിറക്കാൻ കഴിയാതെ കർഷകരും കുടിവെള്ളമില്ലാതെ നാട്ടുകാരും വലയുമ്പോൾ, കുളം വീണ്ടെടുക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ നാട്ടുകാർക്കുനൽകിയ വാഗ്ദാനങ്ങൾ മറന്നനിലയിലാണ്.