മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കി
പീരുമേട് : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾമാത്രം അവശേഷിക്കെ ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ നടപടിയില്ല.മുപ്പത്തിയഞ്ചാം മൈൽ മുതൽ കുമളിവരെയുള്ള പാതയിൽ നിരവധിയിടങ്ങളിലാണ് ടാറിങ് ഇളകി റോഡ് തകർന്ന് കിടക്കുന്നത്. പീരുമേടിന്റെ കവാടമായ വളഞ്ഞാങ്ങാനത്ത് രണ്ടിടങ്ങളിൽ വലിയതോതിൽ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പരാതി ഉയർന്നപ്പോൾ കല്ലും മണ്ണും ഇട്ട് കുഴികളടച്ചെങ്കിലും ശക്തമായ മഴയിൽ ഇവ ഒഴുകിപ്പോയി, വീണ്ടും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇവയിൽ ചാടുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായി കഴിഞ്ഞു. ഇവിടെ അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
തീർഥാടനകാലം ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ അടക്കം വലിയ തിരക്കാണ് ഉണ്ടാകാൻ പോകുന്നത്. കോടമഞ്ഞും മഴയും നിറഞ്ഞാൽ വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിലൂടെ യാത്ര കഠിനമാകും.
ഇതിനിടെ റോഡും പൊളിഞ്ഞുകിടക്കുന്നതുവഴി പരിചിതമല്ലാത്ത യാത്രക്കാരെയും ഇതര സംസ്ഥാന യാത്രികരെയും കൂടുതൽ ദുരിതത്തിലാക്കും. വളരെ അടുത്തെത്തിയാൽ മാത്രമേ ഡ്രൈവർമാർക്ക് കുഴി കാണാൻ കഴിയൂ. അപായ സൂചനാ ബോർഡുകളും റിഫ്ലക്ടർ സംവിധാനങ്ങളും കൂടുതലായി ഒരുക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 05 Nov 2026, 01:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented