കട്ടപ്പന : ഓരോ വർഷവും ജീവനുകൾ പൊലിയുമ്പോഴും ഹൈറേഞ്ചിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാതെ അധികൃതർ. വനം-റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും നിയമക്കുരുക്കുകളും കാരണം തോട്ടങ്ങളിലും പൊതുവഴികളിലും നിൽക്കുന്ന ഉണക്കമരങ്ങൾ മലയോരജനതയ്ക്ക് മരണക്കെണിയാകുകയാണ്.

To advertise here,

ജീവൻ കവർന്ന ദുരന്തങ്ങൾ

ഒക്ടോബർ 25-ന് മാങ്കുളം മണിമല ജോർജുകുട്ടിയുടെ ഏലത്തോട്ടത്തിൽ ജോലിയിലായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വലിയ ഉണക്കമരം കടപുഴകിവീണ് മാങ്കുളം അമ്പതാംമൈൽ സിങ്കുകൂടി ഉന്നതിയിൽ താമസിക്കുന്ന ചില്ലിയമ്മ (50), വീരലക്ഷ്മി (52) എന്നിവർ മരിച്ചു. 2019 ജൂണിൽ നരിയമ്പാറയ്ക്കുസമീപം ഏലത്തോട്ടത്തിൽ പണിചെയ്യുന്നതിനിടെ മരം ഒടിഞ്ഞുവീണ് തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ സിബി (49) കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മുളകുവള്ളി പുന്നപ്ലാക്കൽ ടോമിക്കും അപകടത്തിൽ പരിക്കേറ്റു.

തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തങ്ങൾ

ശക്തമായ മഴയിൽ പനച്ചിക്കുഴിയിലെ പാറുക്കുട്ടിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് പുലർച്ചെ വട്ടമരം കടപുഴകിവീണു. അപകടസമയത്ത് തനിച്ചായിരുന്ന പാറുക്കുട്ടി അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. മൂന്നാർ-ഉദുമൽപ്പേട്ട അന്തർസംസ്ഥാനപാതയും കാന്തല്ലൂർ റോഡും ചേരുന്ന ബാബുനഗർ ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് കാറ്റിൽ മരംവീണ് ഷെൽട്ടർ പൂർണമായി തകർന്നു. ആ സമയത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.കെ.എസ്.ഇ.ബി. ഓഫീസ്, ഓട്ടോ സ്റ്റാൻഡ്, മലഞ്ചരക്ക് കടകൾ എന്നിവ സ്ഥിതിചെയ്യുന്ന അശോക ജങ്ഷനിലെ വനംവകുപ്പ് ഓഫീസിന് സമീപത്തുനിന്ന വലിയ മരത്തിന്റെ ജീർണിച്ച ചില്ല ഒടിഞ്ഞുവീണു. പുലർച്ചെയുണ്ടായ സംഭവമായതിനാൽമാത്രമാണ് വൻ ദുരന്തം ഒഴിവായത്.

ചുവപ്പുനാടയിൽ കുടുങ്ങി ഉത്തരവുകൾ

സി.എച്ച്.ആർ. ഭൂമിയുടെ അവകാശം റവന്യൂവകുപ്പിനും മരങ്ങളുടെ ചുമതല വനം വകുപ്പിനുമാണ്. പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ 2025-ൽ കോടതി ഉത്തരവുണ്ടായെങ്കിലും വനം-റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കവും ഏകോപനമില്ലായ്മയും കാരണം കർഷകർ നൽകുന്ന അപേക്ഷകൾ ഫയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

അപകട ഭീഷണിയുയർത്തുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാൻ അടിയന്തരമായി അനുമതി നൽകിയില്ലെങ്കിൽ വരുംദിവസങ്ങളിലും കൂടുതൽ അപകടങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ.