കോവളം : ആന്ധ്രപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. വിഴിഞ്ഞം മുല്ലൂർ കിടാരക്കുഴി തിരുവാതിരയിൽ കിരണിനെ (23) യാണ് കോവളം സ്പാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കോവളം, ചൊവ്വര-ചപ്പാത്ത് എന്നിവിടങ്ങളിലെ സ്പാ നടത്തിപ്പുകാരനും കേസിലെ മൂന്നാംപ്രതിയുമായ ആലപ്പുഴ നൂറനാട് സ്വദേശി സജിത്ത് കുമാറിന്റെ സ്പായിലെ ജീവനക്കാരനാണ് കിരൺ. കഴിഞ്ഞ ജൂൺ പകുതിയോടെയായിരുന്നു ബെംഗളൂരുവിൽനിന്ന് കുട്ടിയെ കോവളത്തെ ആയുർകേരള എന്ന സ്പായിൽ കൊണ്ടുവന്നത്. തുടർന്ന് സജിത്തിന്റെ നിർദേശപ്രകാരം അടുത്തദിവസം കാറിൽ കുട്ടിയെ വയനാട്ടിലെ ഒരു റിസോർട്ടിൽ എത്തിച്ചിരുന്നു. നാലുദിവസം അവിടെ കുട്ടിയെ താമസിപ്പിച്ചു.
ഈ സംഭവത്തിലാണ് കിരണിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയായ കുട്ടിയുടെ മാതൃസഹോദരിയുടെ ഫോണിൽ പലതവണ കിരൺ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കിരണിനെയും എസ്.ഐ.ടി. അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കുട്ടിയുടെ പ്രായം തിരിച്ചറിയുന്നതിന് പരിശോധന നടത്തി
:പീഡനത്തിനിരയായ കുട്ടിയുടെ പ്രായം തിരിച്ചറിയുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓസിഫിക്കേഷൻ പരിശോധന നടത്തി. എല്ലുകൾ, പല്ലുകൾ എന്നിവ പരിശോധിച്ച് പ്രായം തിരിച്ചറിയുന്ന പരിശോധനയാണിത്. സജിത്തിന്റെ സ്പായിൽ നിന്ന് കുട്ടി സെപ്തംബർ 19-ന് രക്ഷപ്പെട്ടിരുന്നു.
തുടർന്ന് കുട്ടിയുടെ മാതൃസഹോദരിയും അവരുടെ ഭർത്താവും കുട്ടിയെ കാണാനില്ലെന്ന് 21-ന് കോവളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ സമയത്ത് സ്റ്റേഷനിൽ ഇവർ ഹാജരാക്കിയ ആധാറിൽ കുട്ടിക്ക് 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 22-ന് കുട്ടിയെ കാട്ടാക്കടയിൽനിന്ന് കണ്ടെത്തി സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
കോവളം പോലീസ് കുട്ടിയുടെ ഫോൺ വാങ്ങി പരിശോധിച്ചിരുന്നു. ഇതിലുണ്ടായിരുന്ന ആധാറിൽ 2010- ലാണ് കുട്ടി ജനിച്ചതെന്നും 16-വയസ്സാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ആന്ധ്രയിലെ സ്കൂളിലെത്തി നടത്തിയ അന്വേഷണത്തിലും കുട്ടിക്ക് 16 വയസ്സാണെന്നുള്ള രേഖകൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ കാര്യത്തിൽ ശാസ്ത്രീയമായി വ്യക്തത വരുത്താൻ ഓസിഫിക്കേഷൻ പരിശോധന നടത്തിയത്.
Published: 04 Nov 2026, 01:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented