പുതിയ റോഡ് ലിങ്കിന്റെ ഒന്നാംഘട്ടം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാർജ : ഷാർജയും ദുബായിയും തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ ശക്തമാക്കാനും പാതകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമായി നിർമിച്ച പുതിയ റോഡ് ലിങ്ക് പദ്ധതിയുടെ ഒന്നാംഘട്ടം തുറന്നുകൊടുത്തു.
ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇരു എമിറേറ്റുകളും തമ്മിലുള്ള ഗതാഗതം വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമാണ് ഈ സുപ്രധാന അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കിയിരിക്കുന്നത്.
അൽ താവൂൺ ഇന്റർചേഞ്ചിന്റെ ഭാഗികമായ തുറക്കലും ഒട്ടേറെ മേൽപ്പാലങ്ങളുടെയും ജങ്ഷനുകളുടെയും പ്രവർത്തനവുമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പദ്ധതി നടപ്പാക്കൽ അതോറിറ്റിയായ ‘മുബാദറ’യുടെ ചെയർമാൻ ഡോ. സലാഹ് ബിൻ ബുട്ടി അൽ മുഹൈരി വ്യക്തമാക്കി.
നിലവിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായ സാഹചര്യത്തിൽ, എക്സ്പോ സെന്ററിലേക്ക് എത്തുന്ന സന്ദർശകരുടെ യാത്ര എളുപ്പമാക്കുന്നതിനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് എക്സ്പോ സെന്റർ ഭാഗത്തേക്ക് ഗതാഗതസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
അൽ താവൂൺ റൗണ്ട് എബൗട്ടിലെയും ടണലിലെയും ഉപരിതല ജങ്ഷനുകളുടെ പൂർണമായ തുറന്നുകൊടുക്കലും അൽ ഖുലഫ അൽ റാഷിദീൻ ഇന്റർചേഞ്ചിലെ പാലങ്ങളുടെ നിർമാണവും ഉൾപ്പെടുന്ന രണ്ടാംഘട്ടം ഉടൻ പൂർത്തിയാകും.
എമിറേറ്റിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗര-സാമ്പത്തികവളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതിനുമുള്ള ഭരണാധികാരിയുടെ ദീർഘവീക്ഷണമാണ് ഇത്തരം പദ്ധതികളെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ എൻജി. യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു.
വരുംതലമുറകളുടെ ആവശ്യങ്ങൾകൂടി മുൻനിർത്തി ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വിവിധ പ്രാദേശിക, ഫെഡറൽ ഏജൻസികളുടെ പങ്കാളിത്തവും സഹകരണവും വേഗത്തിൽ ഒന്നാംഘട്ടം പൂർത്തിയാക്കാൻ സഹായിച്ചു.
അഞ്ച് പ്രധാന ഭാഗങ്ങൾ
അഞ്ച് പ്രധാന ഭാഗങ്ങളായാണ് ഈ കൂറ്റൻ പാതയുടെ വികസനം ആസൂത്രണംചെയ്തിരിക്കുന്നത്. അൽ താവൂൺ സ്ട്രീറ്റിൽനിന്ന് അൽ നഹ്ദ ബ്രിഡ്ജ് വഴി ദുബായിലേക്ക് ഇരുവശങ്ങളിലേക്കും മൂന്ന് ലെയ്നുകൾ വീതമുള്ള 560 മീറ്റർ നീളമുള്ള അൽ താവൂൺ ടണലും റൗണ്ട് എബൗട്ടുമാണ് ഇതിലെ ആദ്യ ഭാഗം.
തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,200-ഓളം വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ ടണലിന് ശേഷിയുണ്ട്. അൽ ഇത്തിഹാദ് റോഡിലെ അൽ ഖുലഫ അൽ റാഷിദീൻ ഇന്റർചേഞ്ചിൽ നിർമിച്ച 315 മീറ്റർ നീളമുള്ള പാലവും അണ്ടർപാസുകളുമാണ് രണ്ടാമത്തെ ഭാഗം. ഇത് ജമാൽ അബ്ദുൾ നാസർ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുകയും മണിക്കൂറിൽ 2,600 അധിക വാഹനങ്ങൾക്ക് യാത്ര സുഗമമാക്കുകയുംചെയ്യും.
മൂന്നാമത്തെയും നാലാമത്തെയും ഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം വ്യവസായ മേഖലകളിലെ ജങ്ഷനുകൾ നവീകരിച്ച് ദുബായിലെ ദമാസ്കസ് സ്ട്രീറ്റിനെ ഷാർജയിലെ വാസിത് സ്ട്രീറ്റുമായും റിങ് റോഡിനെ അൽ ഖാൻ സ്ട്രീറ്റുമായും ബന്ധിപ്പിക്കും. സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, മലീഹ റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്ന ഈ പാതകൾ ഖാലിദ് പോർട്ടിനെയും ഇൻഡസ്ട്രിയൽ ഏരിയകളെയും നഗരകേന്ദ്രവുമായി നേരിട്ടു ബന്ധിപ്പിക്കും.
അഞ്ചാം ഭാഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് റിങ് റോഡിലേക്കുള്ള വളവ് മൂന്ന് ലെയ്നുകളായി വീതികൂട്ടി ഗതാഗത പ്രവാഹം തടസ്സമില്ലാതെ ക്രമീകരിച്ചിരിക്കുന്നു. ആകെ 9.18 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളും 753 മീറ്റർ പാലങ്ങളും 581 മീറ്റർ ടണലുകളും 19 കിലോമീറ്റർ ഡ്രെയ്നേജ് ശൃംഖലയും ഉൾപ്പെടുന്ന പദ്ധതി പൂർണ സജ്ജമാകുന്നതോടെ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് പ്രതീക്ഷിക്കുന്നത്.
Published: 05 Nov 2026, 01:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented