വർക്കല : കണ്ണംബ-വർക്കല റെയിൽവേ സ്റ്റേഷൻ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തിന്റെ ഭാഗങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നു. റോഡരികിൽനിന്ന വലിയ മരം മുറിച്ചതിന്റെ ഭാഗങ്ങളാണ് മാസങ്ങളായി റോഡരികിൽ കിടക്കുന്നത്. റോഡിനോടു തൊട്ടുചേർന്ന് വളവുള്ള ഭാഗത്താണ് മരത്തിന്റെ വലിയ കഷണങ്ങൾ കിടക്കുന്നത്. ഇതിനുസമീപം മരത്തിന്റെ വേര് റോഡിനടിയിലൂടെ മറുഭാഗത്തേക്ക് വളർന്നതിനാൽ ഇവിടെ റോഡ് പൊങ്ങി ഹമ്പ് പോലെയായിട്ടുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെടാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

To advertise here,

രാത്രി റോഡരികിലെ മരക്കഷണങ്ങളിൽ തട്ടിയും അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞദിവസം ഈ ഭാഗത്ത് കാറും സ്‌കൂട്ടറും കൂട്ടിമുട്ടി ചാലുവിള സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഹമ്പ് പോലുള്ള ഭാഗത്തുകയറി നിയന്ത്രണംതെറ്റിയാണ് അപകടമുണ്ടാകുന്നത്. ഇതുപോലെ ദിവസവും ഇരുചക്രവാഹനങ്ങൾ നിയന്ത്രണംതെറ്റി മറിഞ്ഞ് അപകടങ്ങളുണ്ടാകാറുണ്ട്. റോഡരികിൽനിന്ന പാഴ്‌മരം നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് മുറിച്ചിട്ടത്. എന്നാൽ, അതിന്റെ ഭാഗങ്ങൾ ലേലം ചെയ്ത് നൽകാനോ മാറ്റാനോ നടപടിയുണ്ടാകുന്നില്ല.

വലിയ തിരക്കില്ലാത്ത റോഡായതിനാൽ വാഹനങ്ങൾ നല്ല വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. വേരുപൊങ്ങിയുണ്ടായ ഹമ്പുപോലെ ഉയർന്നഭാഗം പെട്ടെന്ന് വാഹനം ഓടി0ക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാറില്ല. സ്വാഭാവികമായി ഉണ്ടായ ഹമ്പായതിനാൽ മുന്നറിയിപ്പും ഇവിടില്ല.

അതിനാൽ റോഡ് പരിചയമില്ലാത്തവർ ഇവിടെയെത്തുമ്പോൾ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ അപകടമുണ്ടാകുന്നു. രാത്രിയും മഴസമയത്തും ഇവ ശ്രദ്ധയിൽപ്പെടാറുമില്ല.റോഡരികിലെ മരങ്ങൾ നീക്കണമെന്നും റോഡ് ഉയർന്നഭാഗത്ത് മുന്നറിയിപ്പു സംവിധാനം ഒരുക്കണമെന്നും കണ്ണംബ റെസിഡെൻസ് അസോസിയേഷൻ രക്ഷാധികാരി വി.മോഹനചന്ദ്രൻനായർ ആവശ്യപ്പെട്ടു. പ്രശ്‌നം എം.എൽ.എ.യുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.