തിരുവനന്തപുരം : മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചശേഷം അപകടക്കെണിയായി മാറുകയാണ് ഈഞ്ചയ്ക്കൽ ജങ്ഷൻ. മേൽപ്പാലത്തിനു താഴെ നടുക്കായുള്ള എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന റോഡ് ക്രോസിങ് അടച്ചുവെച്ചതിനു പിന്നാലെ അപകടസാധ്യത ഏറുകയാണ്.
മേൽപ്പാലത്തിന്റെ അടിയിൽക്കൂടിയാണ് വള്ളക്കടവ്, വലിയതുറ, ബീമാപള്ളി ഭാഗത്തേക്കുള്ള ഒരുപാട് വാഹനങ്ങൾ സഞ്ചരിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും വൻ ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. സർവീസ് റോഡിൽനിന്ന് വാഹനങ്ങൾ പാഞ്ഞാണ് വരുന്നത്. മുട്ടത്തറ ഭാഗത്തുനിന്ന് എയർപോർട്ടിലേക്കു പോകുന്ന വാഹനങ്ങളുടെ ഇടയിലേക്കുവേണം വള്ളക്കടവുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് കയറിവരാൻ. വള്ളക്കടവ് ഭാഗത്തുനിന്ന് പെരുന്താന്നിയിലേക്കും കിഴക്കേക്കോട്ടയിലേക്കും പോകുന്ന വാഹനങ്ങൾക്കും ശംഖുംമുഖം ഭാഗത്തേക്ക് യാത്രചെയ്യുന്നവർക്കും റോഡ് മുറിച്ചുകടക്കാൻ സാധിക്കുന്നില്ല. വേഗതയിൽവരുന്ന വാഹനങ്ങളുടെ ഇടയിലൂടെ റോഡിനു സമാന്തരമായി 100 മുതൽ 200 മീറ്ററോളം മുൻപോട്ട് പോയി, വലത്തോട്ടു തിരിഞ്ഞ് മേൽപ്പാലത്തിനു താഴെയുള്ള കുണ്ടും കുഴിയും നിറഞ്ഞ വശങ്ങളിലൂടെ ജീവൻ പണയംവെച്ച് അപ്പുറത്തേക്കു കടക്കേണ്ട അവസ്ഥയിലാണിപ്പോൾ.
അശാസ്ത്രീയമായ റോഡ് ക്രമീകരണം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇരുചക്രവാഹനയാത്രക്കാരും സ്ത്രീകളുമാണ്. വലിയ ബസുകളുടെയും ലോറികളുടെയും മറവിലൂടെ അപ്പുറത്തേക്കുപോകാൻ ശ്രമിക്കുമ്പോഴും പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലേക്ക് കയറുമ്പോഴും അപകടമുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ജീവൻ പണയംവെച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നതെന്ന് വാഹനയാത്രക്കാർ പറയുന്നു. ഈ ഭാഗത്ത് പ്രതിദിനം ഒരു അപകടമെങ്കിലും നടക്കാറുണ്ട്.
മേൽപ്പാലത്തിന്റെ പണികഴിഞ്ഞെങ്കിലും അപ്രോച്ച് റോഡിനുള്ള പില്ലറുകൾ വശങ്ങളിൽ പണിയുന്ന ജോലികൾ നിലവിൽ നടക്കുകയാണ്. ഒന്നരവർഷംകൊണ്ട് തീരേണ്ട പാലം പണി മൂന്നുവർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. നടുവിലുള്ള ക്രോസിങ് അടച്ചതിനെക്കുറിച്ച് പാലം നിർമിക്കുന്ന കരാറുകാരോടു ചോദിച്ചപ്പോൾ ട്രാഫിക് പോലീസ് പറഞ്ഞിട്ടാണ് അടച്ചതെന്നാണ് കിട്ടിയ മറുപടി. മേൽപ്പാലത്തിനു താഴെയായുള്ള നടുഭാഗം തുറന്നുകൊടുക്കുകയോ അല്ലെങ്കിൽ സർവീസ് റോഡിൽ വേഗതകുറയ്ക്കാനായി ഹമ്പുകൾ സ്ഥാപിക്കുകയോ ചെയ്താൽ ഈ വിഷയം പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
Published: 04 Nov 2026, 01:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented