മാറനല്ലൂർ : പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ഓഡിറ്റോറിയം എല്ലാം ഒരു മതിൽക്കെട്ടിനുള്ളിലെ 16 സെന്റ് സ്ഥലത്ത് തിങ്ങിഞെരുങ്ങി പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. വിവിധ കെട്ടിടങ്ങളിലാണ് പ്രവർത്തനമെങ്കിലും ഇവിടെയെത്തുന്നവർക്കും ജീവനക്കാർക്കും വീർപ്പുമുട്ടൽ തന്നെ. മാറനല്ലൂർ പഞ്ചായത്തോഫീസിലും ഒാഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന മറ്റ് ഒാഫീസുകളിലും വരുന്നവർക്കാണ് ഇൗ ദുർഗതി.

To advertise here,

കാലപ്പഴക്കംചെന്ന ഓഡിറ്റോറിയം പൊളിച്ചുമാറ്റി നവീനരീതിയിൽ ഓഡിറ്റോറിയവും പഞ്ചായത്ത് ഓഫീസും നിർമിക്കുന്നതിനുവേണ്ടി കഴിഞ്ഞ ഭരണസമിതി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനുവേണ്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എന്നാൽ വർഷം അഞ്ച് പിന്നിട്ടെങ്കിലും ഒന്നുംതന്നെ നടപ്പാക്കാനായിട്ടില്ല.

മൂന്നിടങ്ങളിലേക്കും പ്രവേശിക്കാനുള്ളത് ഒരു കവാടം മാത്രമാണ്. ഒരു വശത്ത് ജീവനക്കാരുടെ വാഹനങ്ങൾ നിരത്തിയിടും, മറുവശത്ത് പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹനവും പാർക്ക് ചെയ്യും. ഇരുവശത്തും വാഹനങ്ങൾ നിരന്നുകഴിഞ്ഞാൽ അകത്തേക്കു കയറാൻ പെടാപ്പാടു പെടണം. കൃഷിഭവനിലും പഞ്ചായത്ത് ഓഫീസിലും സമരമുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ ജീവനക്കാരുടെ വാഹനമുൾപ്പെടെ റോഡിലായിരിക്കും നിർത്തിയിടേണ്ടിവരുന്നത്.

പഞ്ചായത്തിലെ ഓഡിറ്റോറിയം വിവാഹം നടത്തുന്നതിനുവേണ്ടിയാണ് കൂടുതലായും വാടകയ്ക്കു കൊടുക്കുന്നത്. വിവാഹമുള്ള ദിവസങ്ങളിൽ ജീവനക്കാരുടെ വാഹനങ്ങൾക്കുപോലും അകത്ത് പ്രവേശിക്കാൻ കഴിയില്ല. ഇനി വിവാഹാവശ്യങ്ങൾക്കായി എത്തുന്ന വലിയ വാഹനങ്ങളുൾപ്പെടെ മാറനല്ലൂർ -പുന്നാവൂർ റോഡിൽ നിർത്തിയിടുന്നതു വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

 

പഠനങ്ങൾ നടത്താതെയുള്ള നിർമാണപ്രവർത്തനങ്ങൾ

പഞ്ചായത്ത് ഓഫീസിലും പരിസരത്തും നടത്തിയ കെട്ടിടനിർമാണങ്ങൾ ഒന്നുംതന്നെ ഒരു പഠനവും നടത്താതെ നിർമിച്ചതാണ് നിലവിലെ അസൗകര്യങ്ങൾക്ക് കാരണം. കൃഷിഭവനുവേണ്ടി നിർമിച്ച കെട്ടിടം കൃത്യമായ പഠനം നടത്തിയശേഷം നിർമാണം നടത്തിയാൽ മതിയെന്ന് അന്നത്തെ ഭരണസമിതിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അതു മുഖവിലയ്‌ക്കെടുക്കാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയതാണ് നിലവിലെ അസൗകര്യങ്ങൾക്കു കാരണമെന്നാണ് മുൻ ഭരണസമിതി അംഗങ്ങളുടെ ആരോപണം.

പഞ്ചായത്തിലെ ഓഡിറ്റോറിയത്തിന്റെ നവീകരണത്തിനുവേണ്ടി പലപ്പോഴും ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും സാധാരണക്കാർ വിവാഹം നടത്താൻ ആശ്രയിക്കുന്ന ഓഡിറ്റോറിയത്തിൽ അസൗകര്യങ്ങൾ മാത്രമാണുള്ളത്.