: തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി പ്രദേശം കേരളത്തിൽനിന്നു ഭാഗം പിരിഞ്ഞിട്ട് എഴുപതാണ്ട് തികയുന്നു. ജന്മനാട്ടിൽ മറുനാടൻ മലയാളിയെന്ന വ്യഥ പേറുന്ന കുറച്ചുപേർ ഇപ്പോഴും ആ മണ്ണിലുണ്ട്. മലയാളത്തിന്റെ ആദ്യകാല അടരുകൾ പിറന്ന മണ്ണിൽ ഇപ്പോഴും മലയാളം അവശേഷിക്കുന്നു. തമിഴിന്റെ ഭാഷാപരമായ ആധിപത്യത്തിൽ മലയാളം മറഞ്ഞുതുടങ്ങിയെങ്കിലും മനുഷ്യനും മരത്തിനും വേര് മണ്ണിലാണെന്ന സ്വത്വബോധമാണ് അത് കാത്തുസൂക്ഷിക്കുന്നത്.

To advertise here,

18-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ധർമരാജാവ് തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾത്തന്നെ കന്യാകുമാരി മലയാളികളുടെ തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം ആരംഭിച്ചു. അതിനുമുൻപ് തിരുവിതാംകൂറിലെ സ്വദേശി ദിവാന്മാരായ തലക്കുളത്ത് വേലുത്തമ്പി, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള, വലിയ ദിവാൻജി രാജാകേശവദാസൻ, ദിവാൻ നാണുപിള്ള എന്നിവരെല്ലാം കന്യാകുമാരി ജില്ലക്കാരായിരുന്നു. സി.വി. രാമൻപിള്ളയുടെ കൃതികളുടെ പശ്ചാത്തലം, ഭാഷ എന്നിവയെല്ലാം കന്യാകുമാരിയുടെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതാണ്.

 

മഹാകവി കുഞ്ചൻ നമ്പ്യാരുടെയും ഉണ്ണായിവാര്യരുടെയും കൃതികളിൽ കന്യാകുമാരി മണ്ണിന്റെ ഭാഷാപ്രദേശഭേദങ്ങൾ നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എഴുത്തച്ഛന് മുൻപ് മലയാളഭാഷയുടെ വ്യക്തമായ രൂപം തിരുവിടയ്‌ക്കോട് ശിലാശാസനത്തിൽ ഉണ്ടായിരുന്നതായി ചരിത്രകാരനായ വി.ആർ. പരമേശ്വരൻപിള്ള കണ്ടെത്തിയിരുന്നു. പിന്നീട് തിക്കുറിശ്ശി സുകുമാരൻനായർ, കമുകറ പുരുഷോത്തമൻ, തിരുനയിനാർക്കുറിച്ചി മാധവൻനായർ, എസ്. രമേശൻനായർ തുടങ്ങിയവർ ആ മണ്ണിന്റെ മണം സ്വന്തം പേരിനൊപ്പം നിലനിർത്തി.

മലയാളസിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ അന്ത്യവിശ്രമസ്ഥലവും കന്യാകുമാരിക്കടുത്ത് അഗസ്തീശ്വരത്താണ്. മലയാളത്തിലെ ആദ്യ സ്വതന്ത്രനാടകം, നിഘണ്ടുവിനുള്ള നിർമാണശ്രമം എന്നിവയും കന്യാകുമാരി മണ്ണിൽനിന്നായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷമാണ് തമിഴ് ഭാഷയ്ക്കുവേണ്ടിയുള്ള മുറവിളി ഉയർന്നത്. കേരളത്തിലെ രാഷ്ട്രീയപരമായ വേറിട്ട കാഴ്ചപ്പാടുകൾ അതിനെ എതിർക്കുകയും ഒടുവിൽ കീഴടങ്ങുകയും ചെയ്തു.

1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിൽ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമായി. ദക്ഷിണ മലയാള മൈനോറിറ്റി സമാജത്തിന്റെ ആവശ്യപ്രകാരമാണ് ജില്ലയ്ക്ക് കന്യാകുമാരിയെന്ന പേരു നൽകിയത്. ഇതോടെ അവശേഷിച്ച ഒരു വിഭാഗം മലയാളികളും കേരളത്തിലേക്ക് മടങ്ങി.

പിന്നീട് ബസിന്റെയും സ്‌കൂളുകളിലെയും സർക്കാർ ഓഫീസുകളിലെയും ബോർഡുകൾ തമിഴിലേക്ക് മാറി. നെല്ലൈ എങ്കൾ എല്ലൈ, കുമരി എങ്കൾ തൊല്ലൈ (തിരുനെൽവേലി അതിർത്തി, കന്യാകുമാരി ഉപദ്രവം) എന്ന മുൻമുഖ്യമന്ത്രി കെ. കരുണാനിധിയുടെ പ്രസിദ്ധമായ അടുക്കുമൊഴി പ്രസംഗം ജില്ലയോടും മലയാളത്തോടുമുള്ള വിദ്വേഷപ്രചാരണമായി വിലയിരുത്തപ്പെട്ടു. തമിഴ് പഠിച്ചില്ലെങ്കിൽ ജോലി കിട്ടില്ലെന്ന ധാരണ വേരുറച്ചതോടെ മലയാളത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങി. തമിഴ് അറിഞ്ഞാലും അഭിമുഖത്തിനെത്തുമ്പോൾ 'നീങ്കെ മലയാളിയാ' എന്ന ചോദ്യം അഭിമുഖീകരിച്ചവർ ഏറെയുണ്ട്.

90 ശതമാനം മലയാളികളുള്ള പദ്മനാഭപുരത്തെ കൽക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം ബോർഡ് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കോളേജുകളിലെ മലയാളം അധ്യാപകർ വിദ്യാർഥികളെ കാത്തിരിക്കുന്നു. ജോലി ലഭിച്ച് നിശ്ചിതകാലത്തിനുള്ളിൽ തമിഴിലെ പ്രാഥമികപരീക്ഷ പാസാകണമെന്ന നിയമം അധികൃതർ അംഗീകരിക്കാറില്ല.

ജില്ലയിലെ ദ്വിഭാഷാമേഖലയിൽ മലയാളത്തിൽ അപേക്ഷ നൽകാമെന്ന നിയമവും ആരും കണ്ടില്ല. സർക്കാരിന്റെ പിടിവാശിക്കുമുന്നിൽ മലയാളി സംഘടനകളുടെ പ്രസക്തിയും നഷ്ടമായി. മാതൃഭാഷ പഠിക്കാമെന്ന കരുണാനിധി സർക്കാരിന്റെ ഉത്തരവ് മലയാളത്തിന് മാത്രം ബാധകമാകുന്നില്ല.

എന്നാലും കന്യാകുമാരി മണ്ണിൽ ഇരുഭാഷകളും പറയുന്ന മലയാളികളും തമിഴരും നിരവധിയുണ്ട്. പൊങ്കലും പൊന്നോണവും സംക്രമസന്ധ്യയും അവർ ഒന്നിച്ച് പങ്കിടുന്നു. എഴുപതാണ്ടിന്റെ നഷ്ടബോധത്തിനിടയിലും ഭാഷാപരമായ ഐക്യത്തിന്റെ കൂട്ടായ്മയാണ് കാലം ബാക്കിവെയ്ക്കുന്നത്.