കല്ലമ്പലം : റോഡിലേക്ക് പടർന്നുകയറുന്ന കാടും പടർപ്പും ഒപ്പം കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യവും നാവായിക്കുളം പഞ്ചായത്തിലെ യാത്രക്കാർക്ക് ദുരിതമാകുന്നു. പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളിലേക്കാണ് കാടുകയറി ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നത്.

To advertise here,

കാട് വെട്ടിത്തെളിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാവായിക്കുളം-കാട്ടുപുതുശ്ശേരി-പള്ളിക്കൽ റോഡ്, നാവായിക്കുളം- സീമന്തപുരം റോഡുകളിലാണ് കാടും പടർപ്പും വളർന്ന് യാത്രയ്ക്ക് തടസ്സമാകുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കുറ്റിച്ചെടികളും കാടുകളും പലയിടങ്ങളിലും റോഡിലേക്ക് പടർന്നിട്ടുണ്ട്. ഇതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. എതിർദിശയിൽനിന്ന് വാഹനങ്ങളെത്തുമ്പോൾ അപകടസാധ്യതയും വർധിക്കുന്നു. റോഡിലെ വളവുകളിലും തിരിവുകളിലും കാടുവളർന്നത് കാഴ്ച മറയ്ക്കുന്നുമുണ്ട്. എതിർവശത്തുനിന്നുവരുന്ന വാഹനങ്ങളെ മുൻകൂട്ടി കാണാൻ കഴിയാത്തതിനാൽ അപകടസാധ്യത ഏറെയാണ്. ചിലയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾപോലും കാടിനുള്ളിൽ മറഞ്ഞ നിലയിലാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന ഈ റോഡുകളെ ആശ്രയിക്കുന്നവർ സുരക്ഷാഭീതിയിലാണ്.

കാട്ടുപന്നിഭീഷണിയും

റോഡരികിലെ കാടുകൾ വളർന്നുനിൽക്കുന്നതിനൊപ്പം കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യവും പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കാട്ടുപുതുശ്ശേരി റോഡിൽ അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണം തുടർച്ചയായി ഉണ്ടായതായി നാട്ടുകാർ പറയുന്നു. റോഡിലൂടെ യാത്രചെയ്യുന്നവർക്കും സമീപവാസികൾക്കും കാട്ടുപന്നികളുടെ സാന്നിധ്യം ഭീഷണിയാകുന്നുണ്ട്.

രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടകരമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ്ക്കളുടെ ശല്യവുംകൂടിയായതോടെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭയമില്ലാതെ യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, പി.ഡബ്ല്യു.ഡി. അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നതായി സി.പി.ഐ. നേതാവ് മുല്ലനല്ലൂർ ശിവദാസൻ അറിയിച്ചു. ഗ്രാമസഭകളിലും വിഷയം ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിച്ച് ഫണ്ട് അനുവദിച്ചതായി ഗ്രാമസഭകളിൽ അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

ഫണ്ട് അനുവദിച്ചതായി അറിയിച്ചിട്ടും അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്.