വിതുര : മലയോര മേഖലയിൽ രൂക്ഷമാകുന്ന കാട്ടാനശല്യത്തിനു പരിഹാരമില്ല. മണലി തലത്തൂതക്കാവ് ട്രൈബൽ എൽ.പി.എസിന്റെ നേരത്തേ തകർത്ത മതിലിന്റെ അവശേഷിച്ച ഭാഗം കാട്ടാനക്കൂട്ടം കുത്തിമറിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സ്കൂൾ പരിസരത്ത് ആനയിറങ്ങിയത്. വനത്തോടു ചേർന്നുപ്രവർത്തിക്കുന്ന സ്കൂളിലേക്കു കയറാനുള്ള ശ്രമത്തിനിടെ മതിലിന്റെ അവശേഷിക്കുന്ന ഭാഗവും തകർക്കുകയായിരുന്നു.
സ്കൂൾ പരിസരത്ത് ആനശല്യം രൂക്ഷമാണെന്ന് രക്ഷിതാക്കൾ പറയുന്നു. കഴിഞ്ഞ അധ്യയനവർഷം രണ്ടുതവണയാണ് ആനക്കൂട്ടം സ്കൂൾ മതിൽ തകർത്തത്. ആദ്യതവണ പഞ്ചായത്ത് ഇടപെട്ട് മതിൽ കെട്ടി. ആറുമാസംമുൻപ് വീണ്ടും മതിൽ കുത്തിമറിച്ചെങ്കിലും പുനർനിർമിച്ചില്ല. മുൻപ് സ്കൂൾ വളപ്പിലെ തെങ്ങുകൾ കാട്ടാന കുത്തിമറിച്ചിരുന്നു.
നടപ്പാക്കാത്ത ഉറപ്പ്
തലത്തൂതക്കാവ് സ്കൂളിലെ കാട്ടാന ആക്രമണത്തിനു പരിഹാരം കാണുമെന്ന് വനംവകുപ്പ് ഉ ദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ട് മൂന്നുമാസം കഴിഞ്ഞു. കുട്ടികൾക്ക് കാട്ടാനഭീതി ഇല്ലാതെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ വനംവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പാലോട് റെയ്ഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളും പരിസരവും സന്ദർശിക്കവേയാണ് ഈ ഉറപ്പു നൽകിയത്. 2022-23, 23-24 വർഷങ്ങളിലെ പദ്ധതിപ്രകാരം 24 ലക്ഷം ചെലവിട്ടാണ് മതിൽ കെട്ടിയത്. ആനശല്യത്തെക്കുറിച്ച് രക്ഷിതാക്കൾ പരാതിയുയർത്തിയതോടെ പഞ്ചായത്ത് ഇടപെട്ടാണ് മതിൽ നിർമിച്ചത്. വർഷങ്ങളായി കാട്ടുമൃഗഭീതിയിലാണ് ഇവിടത്തെ പഠനം.
കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെ സ്കൂൾ വളപ്പിൽ കടക്കുന്നത് പതിവാണ്. ആനക്കൂട്ടത്തിന്റെ ആക്രമണംമൂലം മുൻ വർഷങ്ങളിൽ പല ദിവസങ്ങളിലും പഠനം മുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പഞ്ചായത്തിന്റെ ഇടപെടൽ.
ഒരു വർഷത്തിനുള്ളിൽ മൂന്നാംതവണഭീതിയിൽ പഠനം
തലത്തൂതക്കാവ് സ്കൂൾ പരിസരത്തും സ്കൂളിലേക്കുള്ള വഴികളിലും ആനയിറങ്ങുന്നതു പതിവാണ്. ഭീതിയോടെയാണ് കുട്ടികൾ ഇവിടേക്ക് എത്തുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണം.
കല്ലൻകുടി മനോഹരൻ കാണി, സംസ്ഥാന ജോ. സെക്രട്ടറി
അഖിലേന്ത്യ ആദിവാസി മഹാസഭ
Published: 31 Oct 2026, 01:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented