നെയ്യാറ്റിൻകര : കൊടിനട-വഴിമുക്ക് നാലുവരിപ്പാത നിർമാണത്തിന് ടെൻഡറായി. 25 കോടിയുടെ നിർമാണ ടെൻഡറിൽ നാല് കമ്പനികളാണ് രംഗത്തുള്ളത്.

To advertise here,

ടെൻഡറിന്റെ സാങ്കേതിക പരിശോധന കഴിഞ്ഞ് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക്‌ ടെൻഡർ ഉറപ്പിക്കുന്നതോടെ മൂന്നുവർഷമായി മുടങ്ങിക്കിടന്ന പാതവികസനത്തിന് ജീവനാകും. എന്നാൽ, വഴിമുക്കുമുതൽ കളിയിക്കാവിളവരെയുള്ള നാലാം റീച്ചിന്റെ അലൈൻമെന്റ് ഇതുവരെ പൊതുമരാമത്തുവകുപ്പ് തീരുമാനിച്ചിട്ടില്ല.

കൊടിനടമുതൽ വഴിമുക്കുവരെയുള്ള ഒന്നരക്കിലോമീറ്റർ നാലുവരിപ്പാതയായി വികസിപ്പിക്കാനാണ് നിർമാണച്ചുമതലയുള്ള കെ.ആർ.എഫ്.ബി. ടെൻഡർ വിളിച്ചത്. ഒന്നരക്കിലോമീറ്റർ ദൂരത്തെ റോഡിന്റെ ഇരുവശത്തുമായുള്ള സ്ഥലം ഏറ്റെടുത്തതോടെയാണ് ടെൻഡർ വിളിച്ചിരുന്നത്. പാതവികസനത്തിനൊപ്പം ബാലരാമപുരം കവലയുടെ വികസനവും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വിഴിഞ്ഞം-കാട്ടാക്കട റോഡിലെ ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളും പൊളിച്ചുനീക്കിത്തുടങ്ങിയിട്ടുണ്ട്.

ടെൻഡറിൽ നാല് കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള പാത നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്.

25 കോടി രൂപയാണ് നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ടെൻഡറിന്റെ സാങ്കേതിക പരിശോധന കഴിഞ്ഞു. ഇനി ടെൻഡർ പൊട്ടിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക്‌ ടെൻഡർ ഉറപ്പിക്കും. തുടർന്ന് മുടങ്ങിക്കിടന്ന കൊടിനട-വഴിമുക്ക് പാതയുടെ നിർമാണം ആരംഭിക്കും.

മൂന്ന് സർവേകൾ; എന്നിട്ടും ഉറയ്ക്കാതെ അലൈൻമെന്റ്

കരമന-കളിയിക്കാവിള പാതയുടെ നാലാം റീച്ച് വഴിമുക്കുമുതൽ കളിയിക്കാവിളവരെ നീളുന്നതാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യം വഴിമുക്കുമുതൽ കളിയിക്കാവിളവരെ 30.2 മീറ്ററിൽ സ്ഥലമേറ്റെടുക്കാൻ സർവേ നടത്തി. ഇതിനുശേഷം ടോട്ടൽ സ്‌റ്റേഷൻ ഉപയോഗിച്ചുള്ള സർവേ നടത്തി. ഇതിലും പരാതി ഒഴിയാതിരുന്നതോടെ ലിഡാർ സർവേ നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

ഇപ്പോൾ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലായിട്ട് വർഷം അഞ്ച് കഴിഞ്ഞു. എന്നിട്ടും കളിയിക്കാവിളവരെയുള്ള നാലുവരിപ്പാതയുടെ അലൈൻമെന്റ് ഇതുവരെ തീരുമാനിക്കാൻ സർക്കാരിനായിട്ടില്ല.

വഴിമുക്ക് മുതൽ കളിയിക്കാവിളവരെ പാതയുടെ വീതി 30.2 മീറ്ററിൽനിന്ന് കുറയ്ക്കാൻ ഫണ്ടിങ് ഏജൻസിയായ കിഫ്ബി തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് കഴിഞ്ഞ സർക്കാർ തള്ളിയിരുന്നു. എന്നിട്ടും കണ്ടെത്തിയ അലൈൻമെന്റ് അംഗീകരിച്ച് സ്ഥലമേറ്റെടുക്കാൻ കല്ലിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.