മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ സഞ്ജയ് ഗുപ്ത (59) അന്തരിച്ചു. വെർസോവയിലെ ജെ.പി. റോഡിലുള്ള വസതിയിൽ ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ അബദ്ധത്തിൽ വീണുണ്ടായ പരിക്കിനെത്തുടർന്നാണ് മരിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഡ്രോയിങ് റൂമിൽ ഇരിക്കുകയായിരുന്ന സഞ്ജയ് ഗുപ്ത അടുക്കളയിലേക്ക് പോകുന്നതിനിടെ വീഴുകയായിരുന്നെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുക്കളയ്ക്കും ഡ്രോയിങ് റൂമിനും ഇടയിലുള്ള ഭിത്തിയുടെ മൂലയിലാണ് തല ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടായി.
ഭാര്യയും മക്കളും അവരുടെ കിടപ്പുമുറികളിൽ ഉറങ്ങുകയായിരുന്നതിനാൽ സംഭവം അറിഞ്ഞില്ല. രാവിലെ ഉണർന്നപ്പോഴാണ് ഗുപ്തയെ രക്തത്തിൽ കുളിച്ചനിലയിൽ തറയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വെർസോവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ആർക്കെതിരേയും സംശയമില്ലെന്നും പോലീസ് പറഞ്ഞു.
1994-ൽ സഞ്ജയ് ദത്ത്, ആദിത്യ പഞ്ചോലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ആതിഷ്: ഫീൽ ദി ഫയർ’ എന്ന ചിത്രമാണ് സഞ്ജയ് ആദ്യമായി സംവിധാനംചെയ്തത്. മുംബൈ അധോലോകവും കുറ്റകൃത്യങ്ങളുമാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും പ്രമേയം. ഹോളിവുഡ്, കൊറിയൻ ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. ഷൂട്ട്ഔട്ട് അറ്റ് ലോഖണ്ഡ്വാല, ആസിഡ് ഫാക്ടറി, പ്ലാൻ, വിസ്ഫോട് തുടങ്ങിയ സിനിമകൾ അദ്ദേഹം നിർമിച്ചു. കാണ്ടേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കഥാചർച്ചകളിലായിരുന്നു അദ്ദേഹം. അനു ലേഖിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.
Published: 01 Nov 2026, 12:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented