നാസിക് : നാസിക്-ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയ്ക്കായി മഹാരാഷ്ട്രയിൽ 34,732 കോടിയുടെ വികസനപദ്ധതികൾ നടപ്പാക്കുന്നു. 12 കോടി തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. റോഡ്, റെയിൽവേ, വിമാനത്താവളം, ഗോദാവരി ശുചീകരണം, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം. പദ്ധതിത്തുകയുടെ 85 ശതമാനത്തോളം സ്ഥിരം അടിസ്ഥാനസൗകര്യ വികസനത്തിനാണ്.

To advertise here,

 

നാസിക്കിൽ 65.60 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡ് നിർമിക്കുന്നുണ്ട്. വിമാനത്താവള വികസനത്തിന് 629.41 കോടിയും അഞ്ച് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് 1,329 കോടിയും ചെലവഴിക്കും. നാല് പുതിയ മലിനജല സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കും. ഇതോടെ പ്രതിദിന സംസ്കരണശേഷി 547 ദശലക്ഷം ലിറ്ററാകും.

 

സന്യാസിമാർക്കുള്ള സദുഗ്രാമിന്റെ വിസ്തൃതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി തപോവനിൽ 1,700ഓളം മരങ്ങൾ മുറിക്കാനുള്ള നീക്കം പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരായ ഹർജിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുണ്ട്. മരങ്ങൾ മുറിക്കാതെ സൗകര്യങ്ങൾ ഒരുക്കാൻ ബദൽ ഭൂമി ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

 

കുംഭമേളയിൽ വൈഷ്ണവ അഘാഡകൾ നാസിക്കിലെ രാംകുണ്ഡിലും ശൈവ അഘാഡകൾ ത്രയംബകേശ്വറിലെ കുശാവർത്ത തീർഥത്തിലുമാണ് സ്നാനം നടത്തുക. സുരക്ഷയ്ക്കായി 4,000ത്തിലധികം സി.സി.ടി.വി. ക്യാമറകളും ഡ്രോണുകളും നിർമിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും.