പാറശ്ശാല : നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് നാടെങ്ങും വർണാഭമായ ബൊമ്മക്കൊലു ഒരുങ്ങി. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലുമായി തമിഴ്-തെലുങ്ക് പാരമ്പര്യമുള്ള വീടുകളിലും ക്ഷേത്രങ്ങളിലുമാണ് വിവിധ തട്ടുകളിലായി കൊലുമണ്ഡപങ്ങൾ നിരന്നത്.
നവരാത്രിക്കാലത്ത്, ഒൻപതുദിവസം വീടുകളിൽ ദേവീസാന്നിധ്യം ഉറപ്പാക്കാനും സർവൈശ്വര്യങ്ങൾക്കുമായാണ് ഭക്തിപൂർവം ബൊമ്മക്കൊലു ഒരുക്കുന്നത്.മഹിഷാസുരനെ നിഗ്രഹിക്കാൻ ദുർഗാദേവി അവതരിച്ചപ്പോൾ സമസ്ത ദേവീദേവന്മാരും തങ്ങളുടെ ദിവ്യാസ്ത്രങ്ങളും ശക്തിയും ദേവിക്കു സമർപ്പിച്ച് നിശ്ചലരായി നിന്നുവെന്നാണ് ബൊമ്മക്കൊലുവിന് പിന്നിലെ പ്രധാന ഐതിഹ്യം.
ബൊമ്മക്കൊലു ഒരുക്കേണ്ടത് ഇങ്ങനെ
ഐതിഹ്യത്തെ അനുസ്മരിച്ചാണ് ദേവഗണങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ചെറുരൂപങ്ങൾ നിശ്ചലമായി പടികളിൽ നിരത്തി പൂജിക്കുന്നത്.ജീവികളുടെ പരിണാമത്തെയും ആത്മീയ ഔന്നത്യത്തെയുമാണ് കൊലുവിന്റെ പടികൾ പ്രതിഫലിപ്പിക്കുന്നതെന്നാണ് സങ്കൽപ്പം.
ഒറ്റസംഖ്യകളായ മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ തട്ടുകളായാണ് പടികൾ തയ്യാറാക്കുന്നത്. താഴത്തെ തട്ടുകളിൽ സസ്യലതാദികളും മൃഗങ്ങളും തൊട്ടുമുകളിലായി മനുഷ്യജീവിതവും ഗ്രാമീണക്കാഴ്ചകളും അതിനുമുകളിൽ പുണ്യാത്മാക്കളും ഗുരുക്കന്മാരും ഏറ്റവും മുകളിലെ പടികളിൽ ദേവീദേവന്മാരുടെയും രൂപങ്ങൾ ക്രമീകരിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട ‘മരപ്പാച്ചി ബൊമ്മകൾ’(തേക്ക് അല്ലെങ്കിൽ ചന്ദനത്തടിയിൽ കൊത്തിയെടുത്ത ദമ്പതിരൂപങ്ങൾ) കൊലുവിന്റെ പ്രധാന ആകർഷണമാണ്. കുടുംബത്തിന്റെ പരമ്പരയെയും സമൃദ്ധിയെയും ഇവ പ്രതിനിധീകരിക്കുന്നു.കേവലം പൂജാവിധി എന്നതിലുപരി സാമൂഹികക്കൂട്ടായ്മയുടെ ആഘോഷംകൂടിയാണ് ബൊമ്മക്കൊലു.
ആഘോഷദിനങ്ങൾ
വൈകുന്നേരങ്ങളിൽ അയൽവാസികളെയും ബന്ധുക്കളെയും വീട്ടിലേക്കു ക്ഷണിക്കുകയും ലളിതാസഹസ്രനാമവും കീർത്തനങ്ങളും ആലപിക്കുകയും ചെയ്യുന്നു. സന്ദർശകർക്ക് പ്രസാദമായി വിവിധയിനം ‘സുണ്ടൽ’ (ധാന്യങ്ങൾ വേവിച്ചുണ്ടാക്കുന്ന വിഭവം), വെറ്റില, പാക്ക്, മഞ്ഞൾ, കുങ്കുമം എന്നിവയടങ്ങിയ ‘താമ്പൂലം’ നൽകി ആദരിക്കുന്നതാണ് പ്രധാന ആചാരം.
വിജയദശമി നാളിൽ ബൊമ്മകളിൽ ഒന്നിനെ കിടത്തി(ശയിപ്പിച്ചുകൊണ്ട്) കൊലുവിന് ഔപചാരികമായി വിരാമമിടും. തുടർന്ന് ഇവ അടുത്ത വർഷത്തെ നവരാത്രിക്കായി ഭദ്രമായി സൂക്ഷിച്ചുവെക്കുകയാണ് പതിവ്.
ആചാരപ്പെരുമയും കലാവൈഭവവും ഒത്തുചേരുന്ന ബൊമ്മക്കൊലുവിലൂടെ വരുംതലമുറയ്ക്ക് സംസ്‌കാരത്തിന്റെ മഹത്വം പകർന്നുനൽകുകകൂടിയാണ് വിശ്വാസികൾ.
Published: 13 Oct 2026, 01:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented