മാരാമൺ: കോഴഞ്ചേരി പുതിയ സമാന്തര പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഗതാഗതം പൂർണതോതിലാകുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും സാധ്യത. പാലത്തിൽനിന്നുള്ള അപ്രോച്ച് റോഡ് വന്നുചേരുന്നത് തിരുവല്ല-കോഴഞ്ചേരി റോഡിലെ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്കാണ്.

To advertise here,

ഇതോടെ പാലം തുറക്കുന്ന മുറയ്ക്ക് ഈ ഭാഗം തിരക്കേറിയ ജങ്ഷനായി മാറും.

വിവിധ ആവശ്യങ്ങൾക്കായി ദിവസേന ഒട്ടനവധി ആളുകളാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിൽമാത്രം എത്തിച്ചേരുന്നത്. എന്നാൽ ഓഫീസിന് സ്വന്തമായി വാഹനങ്ങൾ പാർക്കുചെയ്യാൻ സ്ഥലമില്ലാത്തതിനാൽ സന്ദർശകർ റോഡരികിലാണ് നിലവിൽ വണ്ടികൾ ഇടുന്നത്. പാലം ഉദ്ഘാടനം ചെയ്യുന്നതോടെ അപ്രോച്ചുറോഡുവഴി വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തുടർച്ചയായി എത്തുമ്പോൾ റോഡരികിലെ പാർക്കിങ് വലിയ അപകടഭീഷണിയാകും. കെട്ടിടത്തിനുമുമ്പിൽ ഏതാനും ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലംമാത്രമേ ബാക്കികാണുകയുള്ളൂ.

പെട്ടിക്കട മാറ്റി താത്കാലിക പാർക്കിങ്

പാലം തുറന്നശേഷമുണ്ടാകുന്ന സ്ഥലപരിമിതി മുൻകൂട്ടിക്കണ്ട് അടിയന്തര പരിഹാരമെന്ന നിലയിൽ പഞ്ചായത്തിനു സമീപമുള്ള പെട്ടിക്കട മാറ്റി അവിടെ താത്കാലിക പാർക്കിങ് സൗകര്യം ഒരുക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കടയിരിക്കുന്ന സ്ഥലത്ത് റാമ്പ് ഉണ്ടാക്കി നൽകാമെന്ന് പൊതുമരാമത്തുവകുപ്പ് പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടുണ്ട്. ജങ്ഷനിൽ ഉണ്ടാകാനിടയുള്ള തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ ഈ ക്രമീകരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് കൂടുതൽ വിപുലമായ സ്ഥിര പാർക്കിങ് സംവിധാനം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.

തിങ്കളാഴ്ചമുതൽ പാലത്തിലൂടെ ട്രയൽ റൺ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവെച്ചിരിക്കുകയാണ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ റോഡ് മാർക്കിങ് നടന്നിട്ടില്ല. പഞ്ചായത്ത് ഓഫീസിനുസമീപം മീഡിയൻ നിർമിക്കാനും പദ്ധതിയുണ്ട്. ട്രയലിനുവേണ്ടി ഇപ്പോൾ മണൽ ചാക്കുകൾ റോഡിന്റെ നടുക്ക് അടുക്കിവെച്ചിട്ടുണ്ട്.

റോഡ് വികസിച്ചിട്ടും പാലം വികസിച്ചില്ല

തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസിന്റെയും പഞ്ചായത്ത് ഓഫീസിന്റെയും ഇടയിലുള്ള പാലം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പാലത്തിലൂടെ ഒരേസമയം വലിയ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുകയില്ല.

റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ചെങ്കിലും പാലം പഴയസ്ഥിതിയിൽ നിലനിർത്തുകയായിരുന്നു. തിരുവല്ല-കുമ്പഴ റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കറ്റോട്ടും ഇരവിപേരൂരും പഴയ കലുങ്കുകൾ പൊളിച്ച് പുതിയവ നിർമിച്ചിരുന്നു. ടി.കെ. റോഡിൽ ഈ പാലംമാത്രമാണ് നിലവിൽ കുപ്പിക്കഴുത്തുപോലെയിരിക്കുന്നത്.

കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ സുരക്ഷിതമായി ഒതുങ്ങി നിൽക്കാൻപോലും സ്ഥലമില്ല. പാലത്തിന്റെ വീതി കുറവും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. പഞ്ചായത്തിലും വില്ലേജിലും പോകുന്നവർ ഈ പാലത്തിൽ കൂടി വേണം യാത്രചെയ്യുവാൻ. ഏറെ തിരക്കുള്ള റോഡിൽ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുമ്പോൾ കാൽനടയാത്രക്കാർക്ക് ഓടിമാറുകയേ നിവൃത്തിയുള്ളൂ. പാലത്തിന് ഇരുവശവും റോഡിന് വീതിയുള്ളതിനാൽ പാലത്തിനും വീതികൂട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും

:പഞ്ചായത്ത് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിക്കുന്ന എം.സി.എഫ്. മാറ്റിയാൽ അവിടെ കുറച്ചുവാഹനങ്ങൾക്ക് പാർക്കുചെയ്യാനാകും. ഫണ്ടിന്റെ അപര്യാപ്തതകൊണ്ടാണ് എം.സി.എഫ്. നിർമാണം മുടങ്ങിക്കിടക്കുന്നത്.

എൽസി ക്രിസ്റ്റഫർ,പ്രസിഡൻറ് തോട്ടപ്പുഴശ്ശേരി