ഏഴംകുളം : ഏഴംകുളം-കൈപ്പട്ടൂർ റോഡ് നവീകരണത്തിനുശേഷം ഏഴംകുളം ജങ്ഷനുസമീപം വാഹനാപകടങ്ങൾ വർധിച്ചു. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഏഴംകുളം ട്രാഫിക് ജങ്ഷനിൽ അപകടങ്ങൾ ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൈപ്പട്ടൂർ റോഡിൽനിന്ന് ഏനാത്ത് റോഡിലേക്ക് കയറിയ പിക്കപ്പ് വാൻ സ്കൂ‌ട്ടറിൽ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. അപകടത്തിൽ സ്കൂട്ടർയാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

To advertise here,

കെ.പി. റോഡും കൈപ്പട്ടൂർ, ഏനാത്ത് റോഡുകളും വന്നുചേരുന്ന ഏഴംകുളം ജങ്ഷൻ എപ്പോഴും വാഹനത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. സൂചനാ ലൈറ്റ് ഉണ്ടെങ്കിലും ജങ്ഷനിൽ പലപ്പോഴും നാലുവഴിയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ തോന്നുംപോലെയാണ് തിരിഞ്ഞുപോകുന്നത്. ഇത് ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. കൈപ്പട്ടൂർ റോഡിൽനിന്നാണ് കൂടുതലും വാഹനങ്ങൾ അമിതവേഗത്തിലെത്തുന്നത്.

പ്രത്യേകിച്ചും രാത്രിയിൽ ഭാരവാഹനങ്ങൾ വളരെ വേഗത്തിൽവന്നാണ് തിരിഞ്ഞുപോകുന്നത്. ജങ്ഷനിൽ കൂടുതൽ സൂചന ബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും സ്ഥാപിച്ചാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാനാകൂ.