റാന്നി : മന്ത്രം ആവർത്തിച്ചുചൊല്ലിയത് കൊണ്ട് അത് ഈശ്വര ഉപാസനയാവുന്നില്ലെന്ന് അഡ്വ. റ്റി.ആർ. രാമനാഥൻ വടക്കൻ പറവൂർ പറഞ്ഞു.

To advertise here,

അതിലെ അക്ഷരത്തിൽ ഒതുങ്ങാതെ അതിന്റെ അർഥതലത്തിലേക്ക് നീങ്ങുമ്പോൾ മാത്രമാണ് അത് ഉപാസനയാവുന്നത്. എങ്കിൽ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ അംബായാഗത്തിന്റെ നാലാംദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്രം മനനം ചെയ്യുകയാണ് വേണ്ടത്. മനസുകൊണ്ട് ചിന്തിച്ചുറപ്പിച്ച് ദൃഢമാക്കുന്നതാണ് മനനം. ഉപാസനയിലൂടെ ഈശ്വരനുമായി ഒന്നുചേരുമ്പോഴാണ് മുക്തി ലഭിക്കുന്നത്. ശരിയായ ആത്മബോധമില്ലാതെ ഹൈന്ദവസമൂഹം ഇന്ന് അലഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദർശനപുണ്യമായി മഹാമൃത്യുഞ്ജയഹോമം

ആചാര്യന്മാരുടെ കാർമികത്വത്തിൽ എട്ട് കുണ്ഡങ്ങളിൽ ദ്രവ്യം ഹോമിച്ചുകൊണ്ടുയർന്ന ശിവമന്ത്രോച്ചാരണത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ നടന്ന മഹാമൃത്യുഞ്ജയഹോമം ഭക്തർക്ക് പുണ്യദർശനമായി. കടുത്തുരുത്തി മഹാദേവക്ഷേത്രം തന്ത്രി മനയത്താറ്റ് അജിത് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഏഴ് യജ്ഞാചാര്യന്മാരും ചേർന്നാണ് ശ്രീപരമേശ്വരനെ പൂജിക്കുന്ന മൃത്യുഞ്ജയഹോമം നടത്തിയത്. നാഗേരി വിഷ്ണു ആനന്ദ്, ചെറുവക്കാട് ശ്രീകാന്ത്, ഇരളിയൂർ ഹരിപ്രസാദ്, പാടേരി വൈഷ്ണവ്, നാരായണമംഗലം കിഷോർ, മുരിക്കുവേലിൽ ശ്രീഹരി, ചെറുകുട്ട വിഷ്ണു എന്നിവരാണ് മുഖ്യആചാര്യനെ കൂടാതെ പൂജയ്ക്ക് കാർമികത്വം വഹിച്ചത്. നൂറുകണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.

രോഗങ്ങളിൽനിന്നും കഷ്ടതകളിൽനിന്നും ഭയത്തിൽനിന്നുമുള്ള മോചനമാണ് ഹോമത്തിന്റെ ഫലമെന്ന് ഭക്തർ വിശ്വസിക്കുന്നു. മൃത്യുഞ്ജയ ഹോമത്തിന് ഒരു കുണ്ഡത്തിൽ ഏഴ് ദ്രവ്യങ്ങൾ ഹോമിക്കുന്നു. എന്നാൽ, മഹാമൃത്യുഞ്ജയത്തിന് എട്ട് കുണ്ഡങ്ങളിലായി ഹോമം ചെയ്യുന്നു. ആചാര്യകുണ്ഡത്തിൽ അഗ്‌നിജനനം ചെയ്ത് ആ അഗ്‌നിയെ മറ്റു കുണ്ഡങ്ങളിലേക്ക് പകർന്ന് മൃത്യുഞ്ജയ രുദ്രനെ ആ അഗ്‌നിയിലേക്ക് ആവാഹിച്ച് ഓരോ ദ്രവ്യങ്ങൾ ഓരോ കുണ്ഡങ്ങളിലായി ഹോമിക്കുകയാണ് ചെയ്യുന്നത്. ഓരോ ദ്രവ്യങ്ങൾക്കും ഓരോ ഫലമാണെന്ന് ശാസ്ത്രം പറയുന്നതായി യജ്ഞാചാര്യൻ ഹരശങ്കർ പറഞ്ഞു. അമൃതവള്ളി രോഗശാന്തിക്കും, പേരാൽമൊട്ട് അകാലമൃത്യു തടയുന്നതിനും, എള്ള് അരിഷ്ടതകളെ മാറ്റുന്നതിനും, കറുക ആയുസ്സ് വർധിപ്പിക്കുന്നതിനും, ക്ഷീരം ആരോഗ്യത്തിനും, നെയ്യ് സർവ ആഗ്രഹസാഫല്യത്തിനും, പായസം ജീവിതപുഷ്ടിക്കും വേണ്ടിയാണ് ഹോമിക്കുന്നതെന്നാണ് വിശ്വാസം.