പാറശ്ശാല : മുറിയത്തോട്ടം ഏലായിലേക്കുള്ള പാലം തകർന്നിട്ട് അഞ്ചുവർഷം. പാറശ്ശാലയെയും അയിര മേഖലയെയും ബന്ധിപ്പിച്ചിരുന്ന മുറിയത്തോട്ടം അയിര പാതയിലെ പരുത്തിയറക്ക പാലത്തിന്റെ പുനർനിർമാണമാണ് വൈകുന്നത്.

To advertise here,

കാരാളി തോടും പവതിയാൻവിള തോടും സംഗമിക്കുന്നിടത്ത്, എഴുപതുകളിൽ നാടിന്റെ കൂട്ടായ്മയിൽ ഉയർന്നുവന്ന പാലം 2022-ലാണ് പച്ചക്കറിയുമായി ഒരു ഓട്ടോ കടന്നുപോയതിനു തൊട്ടുപിന്നാലെ തോട്ടിലേക്കു പതിച്ചത്.

 

കാലപ്പഴക്കത്താൽ കമ്പികൾ തെളിഞ്ഞ് അപകടാവസ്ഥയിലായ പാലം പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ചുവപ്പുനാടകളിൽ കുരുങ്ങിപ്പോവുകയായിരുന്നു.

പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമി ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അപകടം നടന്നയുടൻ ഓടിയെത്തിയ ജനപ്രതിനിധികൾ 'ഉടൻ പുതിയ പാലം' എന്ന വാഗ്ദാനം നൽകിയെങ്കിലും, ആ വാക്കുകൾക്ക് ഇന്ന് അഞ്ചുവർഷത്തെ പഴക്കമുണ്ട്.

 

ഫയലുകൾ തള്ളി അധികൃതർ

: പാലം നിർമാണത്തിന് 30 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നും സ്വന്തം ഫണ്ടിൽനിന്ന് തുക കണ്ടെത്താനാവില്ലെന്നും പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി കൈമലർത്തുകയാണ്.

എം.എൽ.എ. ഫണ്ടോ ഇറിഗേഷൻ വകുപ്പിന്റെ സഹായമോ തേടി കത്തയച്ചിട്ടുണ്ടെന്ന പതിവ് ന്യായീകരണമല്ലാതെ, പാലം പുനർനിർമിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല. പഞ്ചായത്ത് അധികൃതർ കൈമലർത്തിയതോടെ പ്രദേശവാസികൾ എം.എൽ.എ. ഫണ്ട് വിനിയോഗിച്ച് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ.ക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് പാലം പുനർനിർമിക്കുവാൻ പ്രദേശവാസികൾ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും അതും അവഗണിക്കപ്പെട്ടു. രാഷ്ട്രീയ അനുമതി ലഭിക്കാത്തതാണ് ഇറിഗേഷൻ ഫണ്ട് വിനിയോഗിക്കുന്നതിൽ തടസ്സമായി നിൽക്കുന്നതെന്നാണ് വാദം.