വർക്കല : കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഫ്‌ളോട്ടിങ് റസ്റ്ററന്റ് ആരോഗ്യവിഭാഗം അടപ്പിച്ചു. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിനു ഹാനികരമായും പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്ററന്റ് അടയ്ക്കാനായി ആരോഗ്യവിഭാഗം നോട്ടീസ് നൽകിയത്. റസ്റ്ററന്റിൽനിന്നു പഴകിയ ഭക്ഷണസാധനങ്ങൾ പരിശോധനയിൽ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള റസ്റ്ററന്റ് ലീസിനു നൽകിയിരിക്കയാണ്.

To advertise here,

ലീസിന് എടുത്തിട്ടുള്ളവരാണ് റസ്റ്ററന്റ് നടത്തിവന്നത്. പരാതിയെത്തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. കാപ്പിൽ പ്രദേശത്തെ ആറ് ഭക്ഷണശാലകളിൽ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഒരു റസ്റ്ററന്റിന് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

പരിശോധനയ്ക്ക് ഇടവ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം. അബ്ദുൽ ജലീൽ, ഇടവ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.എസ്. സൗമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജെ.എസ്. ഗോപകുമാർ, ജി. ശ്രുതി നായർ, ശ്യാമ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.