ശ്രീകാര്യം : പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ചോദ്യംചെയ്യലിലും തെളിവെടുപ്പിലും നിർണായക വിവരങ്ങൾ പുറത്ത്. അഭിരാമിനെ തന്നെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി.
ആനന്ദയുടെ ഫോണിൽനിന്ന് ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ശേഷം പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്കാണ് അഭിരാമിനെ എത്തിച്ചത്.
അഭിരാമിനൊപ്പം ഒന്നാം പ്രതി പാങ്ങപ്പാറ ഭാഗത്തുനിന്നുള്ള വഴിയിലൂടെയും ഉമർ ഗാന്ധിപുരത്തുനിന്നുള്ള വഴിയിലൂടെ ഒറ്റയ്ക്കുമാണ് ആരും കാണാതെ സംഭവസ്ഥലത്ത് എത്തിയത്. അവിടെവെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്ന് പ്രതികൾ മുൻപ് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം.
ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് ഉമർ
: കേസിൽ ഞായറാഴ്ച നടത്തിയ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാംപ്രതി ഉമർ. ചെയ്യാത്ത കുറ്റത്തിനാണ് പോലീസ് പിടിച്ചുവച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് വന്നിട്ടില്ല. കൊല്ലപ്പെട്ട അഭിരാമിനെ തനിക്ക് അറിയില്ലെന്നും പ്രതിയായ പതിനേഴുകാരനെ അറിയാമെന്നുമാണ് തെളിവെടുപ്പിനിടെ ഉമർ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോടു പറഞ്ഞത്.
തന്റെ ഫോൺരേഖകൾ പരിശോധിക്കണമെന്നും ഉമർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ ഈ വാദങ്ങൾ പോലീസ് പൂർണമായും തള്ളി. തെളിവെടുപ്പിനിടെ കൊലപാതകം നടന്ന സ്ഥലവും മൊബൈൽഫോണും വസ്ത്രങ്ങളും ഉപേക്ഷിച്ച സ്ഥലം ഉമർ പോലീസിനെ കാണിച്ചു. ഗാന്ധിപുരത്തുനിന്ന് കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതികൾ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Published: 09 Nov 2026, 12:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented