മണ്ണുത്തി : ചെറുതും വലുതുമായ അപകടങ്ങൾകൊണ്ട് വീണ്ടും യാത്രക്കാരെ വലയ്ക്കുകയാണ് മണ്ണുത്തി-തൃശ്ശൂർ റോഡ്. കഴിഞ്ഞ ദിവസം 23 വയസ്സുകാരിയായ ബി.ഡി.എസ്. വിദ്യാർഥി കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചുമരിച്ചതാണ് ഒടുവിലത്തെ സംഭവം. വീതിയേറിയതും മികച്ചതുമായ റോഡ് ഉണ്ടായിട്ടും അപകടങ്ങൾക്ക് ഒരു കുറവുമില്ല. പലപ്പോഴും റോഡ് നിറഞ്ഞാണ് വാഹനങ്ങളുടെ കടന്നുപോക്ക്. വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും ഭയപ്പെടുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
രണ്ടുവർഷത്തിനിടെ മണ്ണുത്തി-തൃശ്ശൂർ റോഡിൽ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് ആറുപേർക്കാണെന്നാണ് ഔദ്യോഗിക കണക്ക്. മണ്ണുത്തി മുതൽ പറവട്ടാനി വരെ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലും ബാക്കിഭാഗം തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധിയിലുമാണ് വരുക. രണ്ട് സ്റ്റേഷൻ പരിധിയിലുമുണ്ടായ ചെറിയ അപകടങ്ങളുടെ കണക്കെടുത്താൽ മുപ്പതിലധികം വരും. അപകടത്തിൽ ഗുരുതരപരിക്കേറ്റവരും ചെറിയ അപകടങ്ങളായതിനാൽ കേസ് രജിസ്റ്റർ ചെയ്യാത്തവരുടെ എണ്ണവും ഇതിന്റെ മൂന്നിരട്ടിയുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകളുടെ അമിതവേഗത്തെക്കുറിച്ച് പലപ്പോഴും പരാതിയുയർന്നതാണ്. കിഴക്കേക്കോട്ടയിലും കിഴക്കുംപാട്ടുകര മുതൽ പറവട്ടാനി വരെയും ഗതാഗതക്കുരുക്കിൽ നഷ്ടപ്പെടുന്ന സമയം മറികടക്കാനാണ് അമിതവേഗത്തിലോടുന്നത്. ചെറുവാഹനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്.
റോഡിന്റെ വീതി കൂടി
മണ്ണുത്തി-തൃശ്ശൂർ റോഡ് പുനർനിർമിച്ച സമയത്ത് വാഹനങ്ങളുടെ എണ്ണക്കൂടുതലും ഗതാഗതക്ലേശവും പരിഗണിച്ച് വീതി കൂട്ടിയിരുന്നു. എന്നാൽ, തിരക്കേറിയതും ജനവാസമേഖലയിൽനിന്ന് റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന പ്രദേശങ്ങളിലും ഇതു സൂചിപ്പിക്കുന്ന സൂചനാബോർഡുകളോ റോഡിൽ ബാരിക്കേഡ് സംവിധാനമോ ഒരുക്കിയിട്ടില്ല.
ഇതുമൂലം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കാൻ അവസരം കിട്ടുമ്പോഴെല്ലാം അതിനു ശ്രമിക്കുന്നത് അപകടത്തിനിടയാക്കുന്നു.
ബിവറേജസ് പ്രശ്നം ഗുരുതരമാക്കി
ഈ സാഹചര്യങ്ങൾക്കു പുറമേയാണ് കാളത്തോട് ബിവറേജസ് കോർപറേഷന്റെ ഔട്ലെറ്റ് ആരംഭിച്ചത്. ഇതോടെ റോഡിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ അനധികൃത നിർത്തിയിടലും കച്ചവടവും ആരംഭിച്ചു. മേഖലയിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതും പ്രതിസന്ധിയാണ്. സ്വകാര്യ ബസുകൾ സ്റ്റോപ്പ് ഇല്ലാഞ്ഞിട്ടും ആളുകളെ കയറ്റാനും ഇറക്കാനും ബിവറേജസിനു മുന്നിലെ റോഡിൽ പെട്ടെന്ന് നിർത്തുന്നതും പിറകിൽ വരുന്ന വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
Published: 09 Nov 2026, 12:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented