മേലുകാവ് : വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള രാത്രിയാത്ര കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കാൻ നടപടിയില്ല. മേലുകാവ് ടൗൺ മുതൽ ഇലവീഴാപ്പൂഞ്ചിറ വ്യൂ പോയിന്റ് വരെ റോഡിന്റെ ഇരുവശങ്ങളിലും വഴിവിളക്കുകൾ സ്ഥാപിച്ചാൽ രാത്രിയാത്ര ആഘോഷമാകും. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി സമഗ്രമായ ലൈറ്റിങ് പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. വൈകിട്ടെത്തി അസ്തമയംകണ്ട് രാത്രി അവിടെ തങ്ങി പുലർച്ചെ ഉദയവും കണ്ട് മടങ്ങുന്ന ധാരാളം സഞ്ചാരികൾ ഇലവീഴാപ്പൂഞ്ചിറയിലെത്തുന്നുണ്ട്.
നിലവിൽ യാത്രയ്ക്കിടെ പല ഭാഗങ്ങളിലും മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ ഇതുവഴി സഞ്ചരിക്കുക ബുദ്ധിമുട്ടാണ്. മേലുകാവിൽനിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്ക് പോകുന്ന വഴിയിൽ ചില ഭാഗങ്ങളിൽമാത്രമാണ് വെളിച്ചമുള്ളത്. ദൂരദേശങ്ങളിൽനിന്ന് എത്തുന്ന വിനോദസഞ്ചാരികൾക്കും സമീപത്തെ റിസോർട്ടുകളിൽ താമസിക്കുന്നവർക്കും രാത്രിയാത്രയിൽ ഇത് പ്രയാസമുണ്ടാക്കുന്നു.
നിലവിൽ ഒരുഭാഗത്തുമാത്രമാണ് ഉയരവിളക്കിന്റെ വെളിച്ചം ലഭിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ സോളാർ വഴിവിളക്കുകളോ മറ്റ് അനുയോജ്യമായ ലൈറ്റിങ് സംവിധാനങ്ങളോ സ്ഥാപിച്ച് വ്യൂ പോയിന്റ് വരെ വെളിച്ചം ഉറപ്പാക്കണമെന്നാണ് ആവശ്യം. വഴിവിളക്കുകൾ സ്ഥാപിക്കൽ, അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉൾപ്പെടുത്തി പ്രത്യേക ടൂറിസം വികസന പാക്കേജ് അനുവദിക്കണമെന്നും ജനപ്രതിനിധികളും മേലുകാവ് പഞ്ചായത്തും ടൂറിസം വകുപ്പും മറ്റ് ബന്ധപ്പെട്ട അധികാരികളും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രകൃതിയുടെ മനോഹാരിതയും തനിമയും സംരക്ഷിച്ച് ഇലവീഴാപ്പൂഞ്ചിറയെ പകലും രാത്രിയും സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണമെന്നാണ് ആവശ്യം.
Published: 09 Nov 2026, 12:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented