ബെംഗളൂരു : അടുത്തമാസത്തെ പൂജാ അവധിക്ക് മലയാളികൾക്ക് നാടുപിടിക്കാൻ സൗകര്യമൊരുക്കുന്ന തരത്തിൽ കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് പ്രത്യേക തീവണ്ടികളുടെ സർവീസ് ദീർഘിപ്പിച്ച് ദക്ഷിണ റെയിൽവേ. ഈമാസം അവസാനവും അടുത്തമാസം ആദ്യദിവസങ്ങളുംവരെയുള്ള പ്രതിവാര തീവണ്ടികളുടെ സർവീസ് നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമാക്കിയാണ് നീട്ടിയത്. കുറെക്കാലമായി പ്രത്യേക സർവീസുകളായി ഓടുന്ന തീവണ്ടികളാണിവ. അടുത്തമാസം 11-നാണ് ദസറ ആഘോഷം തുടങ്ങുന്നത്. 20-ന് മഹാനവമിയും 21-ന് വിജയദശമിയുമാണ്. ഈ ദിവസങ്ങൾ വരുന്ന ആഴ്ചയിലാണ് കൂടുതൽ പേരും നാട്ടിലേക്കു പോകാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ തീവണ്ടികളിലും ബസുകളിലും വലിയ തിരക്കാകും. ടിക്കറ്റ് ലഭിക്കാനും പ്രയാസം വരും. നീട്ടിയ സ്പെഷ്യൽ തീവണ്ടികൾ അവർക്ക് ഉപകാരമാകും. ഇവയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. എട്ട് തീവണ്ടികൾക്കും ഒൻപത് ട്രിപ്പുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.

To advertise here,

ഞായറാഴ്ചകളിലുള്ള ഹുബ്ബള്ളി-കൊല്ലം സ്പെഷ്യൽ (07313) നവംബർ 29 വരെയായാണ് നീട്ടിയത്. തിങ്കളാഴ്ചകളിലെ കൊല്ലം-ഹുബ്ബള്ളി സ്പെഷ്യൽ(07314) നവംബർ 30 വരെയും നീട്ടി. തിങ്കളാഴ്ചത്തെ മറ്റൊരു സ്പെഷ്യൽ തീവണ്ടിയായ എസ്.എം.വി.ടി. ബെംഗളൂരു-തിരുവന്തപുരം നോർത്ത് (06523) നവംബർ 30-വരെ നീട്ടി. ചൊവ്വാഴ്ചകളിലുള്ള തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ(06524) ഡിസംബർ ഒന്നുവരെയും ബുധനാഴ്ചകളിലെ എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ(06547) നവംബർ 25 വരെയും നീട്ടി. വ്യാഴാഴ്ചകളിലെ തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ(06548) നവംബർ 26 വരെയും വെള്ളിയാഴ്ചകളിലെ എസ്.എം.വി.ടി.ബെംഗളൂരു-തിരുവന്തപുരം നോർത്ത് (06555) നവംബർ 27 വരെയും നീട്ടി. ശനിയാഴ്ചകളിലെ എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06556) സ്പെഷ്യൽ നവംബർ 29-വരെയായും നീട്ടി.

ഗണേശചതുർഥി: ഇന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി

: ഗണേശചതുർഥി ഉത്സവത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഹുബ്ബള്ളിയിൽനിന്നും ബെംഗളൂരുവഴി തിരുവന്തപുരത്തേക്ക് അനുവദിച്ച എസ്.എസ്.എസ്. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ(07325)തീവണ്ടി ശനിയാഴ്ച രാവിലെ 8.30-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്.എസ്.എസ്. ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07326) തീവണ്ടി തിങ്കളാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് 3.45-ന് ഹുബ്ബള്ളിയിലെത്തിച്ചേരും. ഹാവേരി, ഹരിഹർ, ദാവണഗെരെ, അരശികെരെ, തുമകൂരു, എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ. പുരം, ബെംഗാർപേട്ട്, സേലം, ഈറോട്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ഇരുവശത്തേക്കും സ്റ്റോപ്പുണ്ടാകും. ഒൻപത് സ്ലീപ്പർ കോച്ചുകളും ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും ഉൾക്കൊള്ളുന്നതായിരിക്കും തീവണ്ടി.