പോത്തൻകോട് : വേങ്ങോട് ജങ്ഷൻ-മുറിഞ്ഞപാലത്തെ ഓടനിർമാണം നിലച്ചു. നിർമാണപ്രവർത്തനങ്ങൾ പകുതിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയെന്നാണ് ആരോപണം. വേങ്ങോട് ജങ്ഷൻ-പതിനാറാം കല്ല് റോഡിൽ മുറിഞ്ഞപാലംവരെയാണ് ഓട നിർമിക്കേണ്ടിയിരുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും ഓടനിർമിച്ച് മഴവെള്ളം മുറിഞ്ഞപാലം- മാടാമൂഴി തോട്ടിലെത്തിക്കാനായിരുന്നു പദ്ധതി. കുടവൂർ സൊസൈറ്റി ജങ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ഒരുകോടി രൂപ ചെലവഴിച്ചാണ് നിർമാണം തുടങ്ങിയത്.
ഓടനിർമാണം പൂർത്തിയാകാത്തതിനാൽ മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുകി കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. പല ഭാഗങ്ങളിലും പ്ലാസ്റ്റിക്കും മണ്ണും നിറഞ്ഞ നിലയിലാണ്.
ഒരുവർഷം മുൻപ് ആരംഭിച്ച ഓടനിർമാണം ആറുമാസമായപ്പോൾ നിലച്ചു. വേങ്ങോട് പബ്ലിക് ലൈബ്രറിക്കു മുന്നിൽനിന്നും പഴയ ഓടയുടെ സ്ലാബ് ഇളക്കിയാണ് തുടങ്ങിയത്.
തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. എൽ.പി.സ്‌കൂൾ, കുടവൂർ ക്ഷേത്രം റോഡിന്റെ ആരംഭസ്ഥലത്ത് അപകടം വിളിച്ചുവരുത്തുന്നവിധത്തിൽ കുഴിയെടുത്തശേഷമാണ് പണി നിലച്ചത്.
ഒട്ടേറെ വിദ്യാർഥികൾ യാത്രചെയ്യുന്ന പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്ന വലിയ കുഴികളുള്ളത്.
ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാൻ വീതിയുള്ള സൊസൈറ്റി ജങ്ഷൻ റോഡിൽ ഒരു മീറ്റർ വീതിയിൽ ടാർ വെട്ടിപ്പൊളിച്ച് സ്ലാബ് ഇട്ടതിനാൽ എതിരേവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വേങ്ങോട് മുതൽ മുറിഞ്ഞപാലം തോടുവരെ ഓടനിർമിച്ച് വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാമെന്ന ജനപ്രതിനിധികളുമായുള്ള ചർച്ചയിൽ നൽകിയ ഉറപ്പ് പാഴായി എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
റോഡിന്റെ വശങ്ങളിലെ ടാർ വെട്ടിപ്പൊളിച്ചാണ് പല സ്ഥലങ്ങളിലും ഓടനിർമാണം നടത്തിയത്. ഓടയുടെ താഴ്ഭാഗത്ത് കോൺക്രീറ്റ് ചെയ്യാതെ ഒന്നര ഇഞ്ച് മെറ്റൽ നിരത്തിയതിനാൽ ആദ്യമഴയിൽത്തന്നെ മണ്ണും ചവറും ഓടയിൽ നിറഞ്ഞു.
മൂന്നുവർഷം മുൻപാണ് മങ്കാട്ടുമൂല-പതിനാറാം മൈൽ റോഡ് ആറുകോടി രൂപ മുടക്കി നവീകരിച്ചത്. ആ പദ്ധതിയിൽ ഓടനിർമാണം ഇല്ലായിരുന്നു. തുടർന്നാണ് ഒരുകോടി രൂപ അനുവദിച്ചത്.
Published: 11 Sept 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented