പുത്തൻ ആംബുലൻസുകൾ റോഡിലിറക്കാതെ കൂട്ടിയിട്ടിരിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് ശൃംഖലയിലേക്ക് പുതുതായി എത്തേണ്ട വാഹനങ്ങൾ പൊടിപിടിച്ച നിലയിൽ ഒതുക്കിയിട്ടിരിക്കുന്നു. കനിവ് പദ്ധതിയിലേക്ക് വാങ്ങിയ 300-ലധികം പുത്തൻ ആംബുലൻസുകളാണ് നിരത്തിലിറക്കാനുള്ള തീയതി സർക്കാർ നിശ്ചയിക്കാത്തതുമൂലം നശിക്കുന്നത്. ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജ് മൈതാനം, ജില്ലയിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ മൈതാനങ്ങൾ എന്നീ ഇടങ്ങളിൽ മാസങ്ങളായി ഇവ ഒതുക്കിയിട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളാണ് ഇങ്ങനെ നശിക്കുന്നത്. ഈ മാസം തന്നെ പുതിയ ആംബുലൻസുകൾ കൈമാറാനുള്ള നടപടികൾ തുടങ്ങുമെന്നാണ് ആരോഗ്യവകുപ്പധികൃതർ നൽകുന്ന വിശദീകരണം.
കനിവ് 108 പദ്ധതിയിലെ പഴയ ആംബുലൻസുകൾ പിൻവലിച്ച് പുതിയവ വാങ്ങാനായി 2025-ലാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. നേരത്തേയുള്ള കരാറിന്റെ കാലാവധി 2024, മേയിൽ അവസാനിച്ചിരുന്നു. തുടർന്നാണ് 335 പുതിയ ആംബുലൻസുകൾ വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയത്. ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ മാസങ്ങൾക്ക് മുമ്പ് തന്നെ ഇവ സംസ്ഥാനത്തിന് കൈമാറിത്തുടങ്ങി. ഏകദേശം മുഴുവൻ ആംബുലൻസുകളും എത്തുകയും ചെയ്തു. എന്നാൽ ഫ്ലാഗ് ഓഫ് ചെയ്യാനുള്ള തീയതിയും മറ്റും നിശ്ചയിക്കാത്തതുമൂലമാണ് ഇപ്പോഴുമിവ ഒതുക്കിയിട്ടിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകാത്തതാണ് കാരണമെന്നാണ് വിശദീകരണം. എന്നാൽ, സർക്കാർ പദ്ധതിയായതിനാൽ ആവശ്യമെങ്കിൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ മോട്ടോർവാഹനവകുപ്പിന് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ആംബുലൻസുകളിൽ സ്റ്റിക്കർ പതിപ്പിക്കുന്ന ജോലികൾ ഇപ്പോൾ നടക്കുന്നുണ്ട്.
ആധുനിക സൗകര്യമുള്ള ആംബുലൻസുകൾ
:നിലവിൽ 316 ആംബുലൻസുകളാണ് പദ്ധതിക്ക് കീഴിൽ സർവീസ് നടത്തുന്നത്. ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനമുള്ളവയാണിവ. എന്നാൽ, പുതുതായി വരുന്നതിൽ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് സംവിധാനമുള്ളവയുമുണ്ട്. ഒരു ജില്ലയ്ക്ക് ഒരെണ്ണം എന്ന കണക്കിൽ വെന്റിലേറ്റർ സൗകര്യമടക്കമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ സുരക്ഷിതമായി ആശുപത്രികളിലേക്കെത്തിക്കാൻ കഴിയുന്ന നിയോനേറ്റൽ ആംബുലൻസുകളുമുണ്ട്.
2010-ലാണ് 108 ആംബുലൻസ് സേവനം സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതുവരെ പലവിഭാഗങ്ങളിലായി നിരവധിപേർക്കാണ് ഇവ പുതുജന്മമേകിയത്. തെലങ്കാന ആസ്ഥാനമായ കമ്പനിയാണ് നിലവിൽ ആംബുലൻസുകളുടെ സർവീസുകളും ഓപ്പറേഷനും നിർവഹിക്കുന്നത്. പുതുതായി വാങ്ങിയ ആംബുലൻസുകൾ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് നൽകാനുള്ള തീരുമാനം നടപ്പാക്കേണ്ടത് സർക്കാറാണ്. അത്യാധുനിക സൗകര്യമുള്ള ഇവയുടെ വരവോട് കൂടി കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകും.
Published: 11 Sept 2026, 01:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented